ഐ.വി ശശിയുടെ ‘അഭിനിവേശം’ തീയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് 46 വർഷം
സിനിമ ഓർമ്മ
സുനിൽ കെ. ചെറിയാൻ
ഐ.വി ശശിയുടെ ‘അഭിനിവേശം’ എത്തിയിട്ട് 46 വർഷമായി. ‘ഉറവ് ശൊല്ല ഒരുവൻ’ എന്ന തമിഴ് ചിത്രം മലയാളം പറഞ്ഞതാണ് ‘അഭിനിവേശം’. അക്കരപ്പച്ച തേടുന്ന മനുഷ്യരുടെ കാമനകളാണ് പ്രമേയം. തിരക്കഥ ആലപ്പി ഷെറീഫ്. ശ്രീകുമാരൻ തമ്പി- ശ്യാം ഗാനങ്ങൾ. 1977 ജൂൺ 17 റിലീസ്.
പത്മപ്രിയ അവതരിപ്പിക്കുന്ന സതി എന്ന നഴ്‌സിനോട് അയൽക്കാരൻ വേണുവിന് (സോമൻ) അഭിനിവേശം. പഞ്ചാരക്കുട്ടനായ ബാബുവിനും (രവികുമാർ) അവളോട് അഭിനിവേശം. സർക്കാർ ഉദ്യോഗസ്ഥനാണ് വേണു. പക്ഷേ കാറും ബംഗ്ളാവും ‘സ്വന്തമായുള്ള’ പഞ്ചാരക്കുട്ടനോടാണ് സതിക്ക് അഭിനിവേശം. പക്ഷേ ഒരു കാർ വർക്ക് ഷോപ്പിലെ മാനേജരെയാണ് കോടീശ്വരനായി തെറ്റിദ്ധരിച്ചതെന്നറിയുമ്പോൾ അവൾ ബാബുവിനെ തള്ളിപ്പറയുന്നു. അയാൾ ആത്മഹത്യാശ്രമം നടത്തി. സഹപ്രവർത്തകർ കളിയാക്കിയതിനാൽ സതി നഴ്‌സുദ്യോഗം രാജി വച്ചു. ഡോക്ടർ (സുകുമാരി) മറ്റൊരു ജോലി ശരിയാക്കി- എഴുന്നേറ്റ് നടക്കാനാവാത്ത സിന്ധു എന്ന യുവതിയെ (സുമിത്ര) പരിചരിക്കണം.
ബാബു- സതി ഇഷ്‌ടത്തിലായി. ജോലി നഷ്ടപ്പെട്ടിരിക്കുന്ന ബാബുവിന് സിന്ധുവിന്റെ വീട്ടിൽ പറഞ്ഞ് സതി ജോലി ശരിയാക്കിക്കൊടുക്കുന്നു. ഇതിനിടെ സിന്ധുവിനും ബാബുവിനോട് അഭിനിവേശം. സതിക്ക് വേണ്ടി ബാബു പാടിയ ‘സന്ധ്യതൻ അമ്പലത്തിൽ’ തനിക്ക് വേണ്ടി പാടണമെന്ന് സിന്ധു. ബാബു- സിന്ധുമാരുടെ കല്യാണം നടന്നു. മരിക്കാൻ നാല് മാസമോ മറ്റോ മാത്രമുള്ള സിന്ധുവിനെ സതി ‘വിട്ടുകൊടുത്തതാണ്’. സിന്ധുവിന്റെ സ്വത്തിനവകാശിയായി മാറിയതിന് ശേഷം ബാബു രണ്ടാം വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഓർത്ത് സതിക്ക് അഭിനിവേശം.
പക്ഷെ മനുഷ്യൻ ഒന്ന് ചിന്തിക്കുന്നു; ദൈവം മറ്റൊന്ന് വിധിക്കുന്നു. സിന്ധുവിന്റെ അസുഖം ഭേദമായി. സതി എന്ന നഴ്‌സിന് അവിടം വിട്ടു പോരേണ്ടി വന്നു. പക്ഷെ ദൈവം അത്ര ക്രൂരനല്ല; അവളെ കാത്ത് വേണു ഉണ്ടല്ലോ.
മരീചികേ മരീചികേ, ദൂരെയായ് നിന്നിടുന്നൊരു താരം, ഒരിക്കലോമന പൊന്നാറ്റിനക്കരെ എന്നീ ഗാനങ്ങൾ കൂടിയുണ്ട്. ‘അഭിനിവേശ’മിറങ്ങിയ വർഷം ശശി -ഷെറീഫ് കൂട്ടുകെട്ടിൽ 11 ചിത്രങ്ങൾ റിലീസ് ചെയ്‌തു. പലതും ഹിറ്റുകളായിരുന്നു. പിറ്റേ വർഷം ഇവരുടെ സൂപ്പർഹിറ്റ് ‘അവളുടെ രാവുകൾ’ റിലീസ് ചെയ്‌തു.