തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരായ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്റ്സ് (ഡിആര്‍ഐ) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളം വഴി അടുത്ത കാലത്ത് നടന്ന സ്വര്‍ണക്കടത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസവും 4.8കിലോ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടിച്ചെടുത്തിരുന്നു. അതേദിവസം വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് സ്വര്‍ണം ക്ലിയര്‍ ചെയ്ത് കൊടുത്തതെന്ന് വിവരം ലഭിച്ചിരുന്നു. പിടിയിലായ ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇവരുടെ അറിവോടു കൂടി വിവിധ റാക്കറ്റുകള്‍ വഴി വരുന്ന സ്വര്‍ണം വിമാനത്താവളത്തിന് പുറത്ത് പരിശോധന കൂടാതെ എത്തിച്ചതായി കണ്ടെത്തിയിരുന്നു. 80 കിലോയോളം സ്വര്‍ണം അവരുടെ ഒത്താശയോടെ കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കഴിഞ്ഞ ദിവസം കടത്താന്‍ ശ്രമിച്ചപ്പോള്‍ പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥര്‍ തങ്ങളെ മുന്‍പും സ്വര്‍ണം കടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹാജരാക്കി.