CrimeNEWS

വിദ്യയുടെ വ്യാജരേഖ കേസ്: മഹാരാജാസിൽ നീലേശ്വരം പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു

കൊച്ചി: മുൻ എസ് എഫ് ഐ നേതാവ് കെ. വിദ്യ വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ട് കാസർകോട് നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് നൽകുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റും പൊലീസ് ശേഖരിച്ചു. വിദ്യക്കായി വിശദമായി അന്വേഷണം നടക്കുന്നതായി സിഐ പ്രേം സദൻ വ്യക്തമാക്കി. കരിന്തളം സർക്കാർ കോളേജിൽ നേരത്തെ കെ വിദ്യ അധ്യാപനം നടത്തിയിരുന്നു. ഇതിനായി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്.

അതിനിടെ, മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ. വിദ്യക്കും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്കും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. വിദ്യക്ക് വ്യാജരേഖ ചമക്കാൻ സഹായിച്ചത് ആർഷോയാണെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

Signature-ad

ആർഷോ അഞ്ച് മിനിറ്റും പത്ത് മിനിറ്റും പരീക്ഷയെഴുതി പാസായ ആളാണെന്നും ഇക്കാര്യത്തിലൊന്നും സംസ്ഥാനത്ത് അന്വേഷണം നടക്കുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. പ്രിൻസിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തിൽ മഹാരാജാസ് ഗവേണിംഗ് ബോഡി ആർഷോക്കെതിരെ കേസ് കൊടുക്കേണ്ടതാണ്. ഗുരുതരമായ കേസ് നേരിടുന്ന വിദ്യയെ സിപിഎം സംരക്ഷിക്കുകയാണെന്നും വിദ്യക്ക് പിറകിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണെന്നും സതീശൻ ആരോപിച്ചു. കേസെടുത്ത് എട്ടാം ദിവസവും കുറ്റാരോപിതയായ കെ വിദ്യയെ കണ്ടെത്താനായിട്ടുമില്ല, കേസിൽ ഏറ്റവും നിർണായകമായ വ്യാജരേഖയുടെ ഒറിജിനലും പൊലീസിന് കണ്ടെത്താനായിട്ടുമില്ല.

Back to top button
error: