ന്യൂഡല്‍ഹി: ട്വിറ്റര്‍ പൂട്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണു വിദേശ രാജ്യങ്ങളില്‍ ട്വിറ്റര്‍ നടത്തിപ്പില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്.
”കര്‍ഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായി. ബ്ലോക്ക് ചെയ്തില്ലെങ്കില്‍ ട്വിറ്റര്‍ ഇന്ത്യ പൂട്ടിക്കുമെന്നു മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്ന് സര്‍ക്കാര്‍ വെല്ലുവിളിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും സമ്മര്‍ദമുണ്ടായി” അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കു പുറമേ, നൈജീരിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്നും സമ്മര്‍ദങ്ങളുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, ജാക്ക് ഡോര്‍സി കള്ളം പറയുകയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ മറുപടി നല്‍കി. കര്‍ഷക സമര കാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകാവുന്ന തരത്തില്‍ ട്വിറ്ററിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചു. അപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇടപെടാന്‍ സര്‍ക്കാരിന് അവകാശവുമുണ്ട്. ഇന്ത്യയിലെ നിയമങ്ങളെ മാനിക്കണമെന്നുമാത്രമാണു ട്വിറ്ററിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍, ട്വിറ്റര്‍ അതിനു തയാറായില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഒരിടത്തും റെയ്ഡ് നടന്നില്ലെന്നും ആരും ജയിലില്‍ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.