പത്തനംതിട്ട: ലഹരി കുടുംബ കച്ചവടമാക്കിയ അച്ഛനും മകനും പോലീസ് പിടിയിലായി. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു. അടൂര്‍ പള്ളിക്കല്‍ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടില്‍ രവീന്ദ്രന് (57), ഇയാളുടെ മകന് മണികണ്ഠന് എന്നിവരാണ് ഡാന്‍സാഫ് സംഘവും അടൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടിയിലായത്.
രവീന്ദ്രന് മുമ്പ് അബ്കാരി കേസിലും കഞ്ചാവ് കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
പ്രതികള്‍ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ വ്യാപകമായ ലഹരിവേട്ട നടന്നിരുന്നു. അതിഥിതൊഴിലാളി ഉള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പശ്ചിമബംഗാള്‍ സ്വദേശി പിന്റു ഷെയ്ഖ് (28) എന്നയാളെ ഒരു കിലോ കഞ്ചാവുമായാണ് അടൂര്‍ ഏഴാംമൈലില്‍ വച്ച് ഏനാത്ത് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.
വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ എല്ലാത്തരം ലഹരിമരുന്നുകളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.