IndiaNEWS

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ആളുകളെ മാറ്റി, ട്രെയിനുകള്‍ റദ്ദാക്കി, വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മറ്റന്നാള്‍ ഉച്ചയ്ക്ക് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മുംബൈ, ഗുജറാത്ത് തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നും അറിയിപ്പുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

Signature-ad

ഇതുവരെ 7500 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഭാവ്നഗര്‍, രാജ്കോട്ട്, അഹമ്മദാബാദ്, ഗാന്ധിധാം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. തുറമുഖങ്ങള്‍ അടച്ചു. നൂറുകണക്കിന് ട്രക്കുകളാണ് കണ്ട്‌ല പോര്‍ട്ട് അടച്ചതിനെത്തുടര്‍ന്ന് ഗാന്ധിധാമില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

മോശം കാലാവസ്ഥ വിമാനഗതാഗതത്തെയും ബാധിച്ചു. മുംബൈ വിമാനത്താവളത്തിലെ 09/27 റണ്‍വേ താത്കാലികമായി അടച്ചു. ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകി.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ചുദിവസം കടലില്‍ പോകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ഇതുവരെ 67 ട്രെയിനുകള്‍ റദ്ദാക്കി. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.

 

Back to top button
error: