റിയാദ്: ഏഴ് വ്യാപാര മേഖലയിലെ വിൽപന ഔട്ട്‌ലെറ്റുകളുടെ സൗദിവത്കരണം നിലവിൽവന്നതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, എലിവേറ്ററുകൾ, ലിഫ്റ്റുകൾ, ബെൽറ്റുകൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, കൃത്രിമ ടർഫ്, നീന്തൽക്കുളം സാമഗ്രികൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, ജലശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷൻ ഉപകരണങ്ങളും വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, കാറ്ററിംഗ് ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, എയർഗൺ, വേട്ടയാടൽ, യാത്രാ സാധനങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, പാക്കിംഗ് ഉപകരണങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ എന്നിവയിൽ 70 ശതമാനം സൗദിവത്കരണം നടപ്പാക്കണമെന്നതായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.
ബ്രാഞ്ച് മാനേജർ, സൂപ്പർവൈസർ, കാഷ്യർ, കസ്റ്റമർ അക്കൗണ്ടന്റ്, കസ്റ്റമർ സർവീസ് എന്നിങ്ങനെ ഏറ്റവും പ്രമുഖമായ പ്രൊഫഷനുകളാണ് സൗദിവത്കരണ പരിധിയിലുള്ളത്. സൗദിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയ മന്ത്രാലയം ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാവകാശം അനുവദിച്ചിരുന്നു. ഇന്നലെ സമയപരിധി അവസാനിച്ച് ഇന്നാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിലായത്. ഈ മേഖലയിൽ നിരവധി വിദേശികൾ ജോലി ചെയ്തിരുന്നു.
വാഹനങ്ങളുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങളിലെ സൈറ്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, എക്‌സാമിനേഷൻ ടെക്‌നീഷ്യൻ, അസിസ്റ്റന്റ് എക്‌സാമിനേഷൻ ടെക്‌നീഷ്യൻ, മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇൻഫർമേഷൻ ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി എന്നീ തൊഴിലുകളും സൗദിവത്കരണ പരിധിയിൽ വന്നിട്ടുണ്ട്. ഈ പ്രൊഫഷനുകളിൽ 50 ശതമാനം സൗദികളായിരിക്കണമെന്ന വ്യവസ്ഥയാണ് ഇന്ന് നിലവിൽ വന്നത്.