നാലു കോടി എൺപത്തൊമ്പത് ലക്ഷത്തി
അറുപത്തിരണ്ടായിരത്തി നാനൂറ്റി നാൽപ്പത്തെട്ട് രൂപ പട്ടാപ്പകൽ കൊള്ളയടിച്ചു.കേട്ടിട്ട് ഞെട്ടിയോ ? മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ കാര്യമാണ് പറയുന്നത്.
മെയ് 31ന് പത്രവരിസംഖ്യക്ക് ആള് വന്നു.
ഓരോ മാസത്തേയും വരിസംഖ്യ പിന്നത്തെ മാസത്തിന്റെ അവസാന ദിനത്തിലാണ് പിരിക്കുന്നത്.
അതനുസരിച്ച് ഏപ്രിലിലെ വരിസംഖ്യയുടെ ബില്ല് തന്നു.
മാർച്ച് മാസത്തെ അതേ തുക.
270/-
‘ഏപ്രിലിൽ 3 ദിവസം പത്രമില്ലായിരുന്നല്ലോ, ആ കാശ് കുറക്കണ്ടേ’
എന്ന് നാണമില്ലാതെ എന്റെ ചോദ്യം.
‘അവധി പ്രമാണിച്ചു പത്രം ഇല്ലെങ്കിലും
എല്ലാ മാസവും ഞങ്ങളടക്കേണ്ട തുകയിൽ
മാറ്റമില്ല ചേട്ടാ’
എന്ന് പത്രമിടുന്ന പയ്യന്റെ മറുപടി.
പത്രം ഏജന്റ് അയൽവാസി,
പത്രമിടുന്ന പയ്യൻ പത്താം ക്ലാസ്സ് വിദ്യാർഥി, ചെറുപ്പത്തിലേ കുടുംബം നോക്കുന്നവൻ.
ആ മറുപടി ഞാൻ മുഖവിലക്കെടുത്തു.
കാശ് വാങ്ങി അവൻ പോയി.
ശേഷം ചിന്തകളാണ് ഇവിടെ
പങ്കുവെക്കുന്നത്.
2023 ഏപ്രിലിൽ ദുഃഖവെള്ളിയുടെ പിറ്റേന്ന്
8 നും വിഷുപ്പിറ്റേന്ന് 16 നും ഇദുൽഫിത്ർ
പിറ്റേന്ന് 22 നും പത്രമില്ലായിരുന്നു.
അവധിയായതിനാൽ പത്രമുണ്ടാകില്ലെന്ന്
തലേന്ന് തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.
അത് പത്രമര്യാദ.
കൊടുക്കാത്ത സാധനത്തിന്റെ കാശ് വാങ്ങുന്നത് മര്യാദയാണോ എന്ന് ചോദിക്കുന്നില്ല.കൗമാരക്കാരനെ കൊണ്ട് പണിയെടുപ്പിക്കുന്നത് നിയമവിരുദ്ധമല്ലേന്നും.
സാധാരണ ദിനങ്ങളിൽ ഒരു പത്രത്തിന്റെ വില 8.50 രൂപ.
ഞായറിൽ 9 രൂപ.
ഏപ്രിലിൽ പത്രമില്ലാതിരുന്ന 3 ദിവസവും
സാധാരണ ദിനങ്ങളായിരുന്നു.
അതിനാൽ ബില്ലിൽ നിന്ന് കുറയേണ്ടിയിരുന്നത് 25.50 രൂപ.
എന്ന്വച്ചാൽ കിട്ടാത്ത, ഇറക്കാത്ത, പബ്ലിഷ് ചെയ്യാത്ത, ആരും വായിക്കാത്ത, പത്രത്തിന്റെ പേരിൽ എന്റെ നഷ്ടം ആകെ 25.50 രൂപ മാത്രം.
മെയ് 3 -ാം തീയതി അഭിമാന വാർത്തയായി ഈ പത്രം മറ്റൊരു വാർത്ത കൊടുത്തിട്ടുണ്ട്.
” പ്രചാരത്തിൽ
രാജ്യത്തിൽ രണ്ടാമത്;
19,20,096 കോപ്പികളുമായി
ദൈനിക് ഭാസ്കറിന് തൊട്ടു താഴെ.”
ശ്രദ്ധിക്കേണ്ട കാര്യം,
ഈ നേട്ടം പ്രചാരത്തിലാണ്.
Readership അഥവാ വായിക്കപ്പെടുന്നത്
അതിലുമേത്രയോ ഏറെയാണ്.
പ്രചാരം എന്നാൽ printed copies എന്നുതന്നെയാണ്.
എങ്കിൽ,
Print ചെയ്യാത്ത,
Publish ചെയ്യാത്ത,
വിതരണം ചെയ്യാത്ത,
സർവ്വോപരി ആരും കാണാത്ത,
ആരും വായിക്കാത്ത,
ആർക്കും കൊടുക്കാത്ത,
ഒരുൽപ്പന്നത്തിന്
അവിഹിതമായി,
അധാർമ്മികമായി,
സ്വന്തം വരിക്കാരെ
പകൽകൊള്ള നടത്തി നേടിയത്
ഒരാളിൽ നിന്ന് 25.50 രൂപ കണക്കിൽ
19,20,096 ആളുകളിൽ നിന്ന് ആ പത്രം പിടിച്ചെടുത്തത്
4,89,62,448/- രൂപയാണ് !!
സമാനമായ ഒരു കാര്യം
രാജ്യത്തുണ്ടായി തുടങ്ങുമ്പോഴേക്കും തന്നെ
അധികാരികൾ ഇടപെട്ടതിന്റെ ഓർമ്മ പങ്കുവെക്കട്ടെ.
Mobile phone സേവന ദാതാക്കൾ
Call-drop എന്നൊരു സാങ്കേതികതട്ടിപ്പ് തുടങ്ങി വെച്ചു.
എന്ന്വച്ചാൽ, നമ്മളൊരാളെ വിളിച്ച്
10 സെക്കന്റ് മിണ്ടുമ്പോഴേക്കും call cut ആവും.
വീണ്ടും വിളിക്കും.
പിന്നേം ഇത് തന്നെ.
അങ്ങനെ 1 രൂപയ്ക്കു തീരേണ്ടിയിരുന്ന
ഒര് call 6 രൂപയിൽ തീരുന്നൊരാവസ്ഥ.
Telecom Regulatory Authority of India
ഇടപെട്ടു.
കമ്പനികൾക്ക് ഫൈൻ നിശ്ചയിച്ചു.
ഒരുവിധം ശരിയായി.
ഇതിപ്പോ പത്രമുതലാളിമാരുടെ
സംഘടനയാണോ,
കേന്ദ്ര/സംസ്ഥാന സർക്കാരുകളാണോ,
നീതി നടപ്പാക്കേണ്ടത്?!
“പലതുള്ളി പെരുവെള്ളം “
എന്നതാണിവരുടെ
കച്ചവടക്കണ്ണിന്റെ തിളക്കം.
Print ചെയ്യാത്ത,
വായിക്കാൻ കൊടുക്കാത്ത
ദിവസത്തെ
പത്രത്തിന്റെ കാശ്,
കേരളത്തിലെ ഏതെങ്കിലും ഒരു പത്രം,
മാസം വരിസംഖ്യയിൽ നിന്ന് കുറച്ചുകൊടുത്തതായി ആർക്കെങ്കിലും അറിയാമോ?
അങ്ങനെയെങ്കിലിത്
ഏതാണ്ടഞ്ചു കോടിയുടെ
പകൽക്കൊള്ളയല്ലേ!
ആർക്കും നടപടിയെടുക്കാനാവില്ലേ?
***
“മരുന്ന്, പാൽ, പത്രം എന്നീ അവശ്യ സർവീസുകളെ…”
അതിൽ നിന്ന് പത്രം ഒഴിവാക്കുക.
അതൊരവശ്യ വസ്തുവാണെന്നു
പ്രസാധകർ പോലും കരുതുന്നില്ല.
ഉണ്ടെങ്കിൽ,
വാവിനും ചോതിക്കും,
ചോറൂണിനും, അടിയന്തിരത്തിനും
പത്രമിറക്കാതിരിക്കില്ലല്ലോ.
പ്രത്യേകിച്ചും,
മുക്കിലും മൂലയിലുമുള്ള
സകലമാന super/ hiper/ mega
മാർക്കറ്റുകൾ പോലും 365 ദിവസവും 24 മണിക്കൂറും തുറന്നിരിക്കുന്ന ഇക്കാലത്തും !!!