KeralaNEWS

മഹാരാജാസ് കോളേജ് മാര്‍ക് ലിസ്റ്റ് കേസില്‍ എഫ്‌ഐആര്‍  പുറത്ത്

ഹാരാജാസ് കോളേജ് മാര്‍ക് ലിസ്റ്റ് കേസില്‍ എഫ്‌ഐആര്‍  പുറത്ത്.മഹാരാജാസ് കോളേജ് അധ്യാപകൻ വിനോദ് കുമാറാണ്, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി.
തെറ്റായ റിസല്‍റ്റ് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകൻ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിൻസിപ്പല്‍ വി.എസ് ജോയിയുമെന്ന് എഫ് ഐ ആറില്‍ പറയുന്നു.ആദ്യ രണ്ടുപ്രതികള്‍ ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
പരീക്ഷ ജയിച്ചെന്ന തെറ്റായ റിസല്‍റ്റ് തയാറാക്കിയെന്നും അധ്യാപകര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. ഇതുവഴിഎസ്‌ എഫ്‌ഐയ്‌ക്കും സംസ്ഥാന സെക്രട്ടറിയായ ആര്‍ഷോയ്ക്കും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിയുണ്ടായെന്നാണ് എഫ്‌ഐആര്‍. കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ കേസില്‍ മൂന്നാം പ്രതിയാണ്. മഹാരാജാസ് കോളജ് കെ‌എസ്‌യു യൂണിറ്റ് പ്രസിഡന്റ് ഫാസില്‍ നാലാം പ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ കേസില്‍ അഞ്ചാം പ്രതിയുമാണ്.
അതേസമയം വ്യാജരേഖാ കേസ് വിവരം റിപ്പോര്‍ട്ട് ചെയ്യാനാണ് അഖില നന്ദകുമാര്‍ മഹാരാജാസ് കോളേജില്‍ പോയതെന്നും ഈ സമയത്ത് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റാണ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് ഉയര്‍ത്തിക്കാട്ടി ആരോപണം ഉന്നയിച്ചതെന്നും അതാണ് അഖില  റിപ്പോര്‍ട്ട് ചെയ്തതെന്നും ഏഷ്യാനെറ്റ് വ്യക്തമാക്കി.
കോളേജില്‍ നിന്ന് തത്സമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കെഎസ്യു പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റാണ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് ഉയര്‍ത്തിക്കാട്ടി ആരോപണം ഉന്നയിച്ചത്.ഈ ആരോപണം ആര്‍ഷോക്കെതിരായ കെഎസ്‌യുവിന്റെ രാഷ്ട്രീയ ആരോപണമെന്ന് വ്യക്തമാക്കിയാണ് അഖില വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്-ഏഷ്യാനെറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Back to top button
error: