KeralaNEWS

കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാവുകയാണെന്ന പരാമർശവുമായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ

കണ്ണൂർ: കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാവുകയാണെന്ന പരാമർശവുമായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. പാർട്ടി നാമാവശേഷമാകുമ്പോൾ നമ്മൾ കൂടി ചവിട്ടിതാഴ്ത്താൻ ശ്രമിക്കുകയാണ്. നേതാക്കൾ ആരോടും വൈരാഗ്യം വെച്ച് പുലർത്തരുതെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കോൺഗ്രസ് ഗ്രൂപ്പ് പോരിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. അംഗൻവാടി ആന്റ് ക്രഷ് വർക്കേർസ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളന വേദിയിലായിരുന്നു ചന്ദ്രശേഖരന്റെ പരാമർശം.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ആധിക്യത്തെക്കുറിച്ചുളള വിഎംസുധീരന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കെ മുരളീധരനും രംഗത്തെത്തിയിരുന്നു. പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ല ഇത്. 2016ലെ കാര്യം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. ശ്രദ്ധിക്കേണ്ടത് 2024 ആണ്. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ് വേണ്ടത്. സുധീരൻ പാർട്ടിയോടൊപ്പം പ്രവർത്തിക്കണം. നേതാക്കൾ അദ്ദേഹത്തെ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

തൃശൂര്‍ ഡിസിസി സംഘടിപ്പിച്ച 75 ആം പിറന്നാളാഘോഷവേദിയിലായിരുന്നു സുധീരന്‍റെ വിമര്‍ശനം. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവയ്ക്കാനുള്ള കാരണം അദ്ദേഹം തുറന്നു പറഞ്ഞു. ഗ്രൂപ്പ് വീതം വയ്പില്‍ മനം മടുത്തായിരുന്നു രാജി. അന്ന് രണ്ടു ഗ്രൂപ്പായിരുന്നെങ്കില്‍ ഇന്ന് ഗ്രൂപ്പുകള്‍ അഞ്ചായെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെയും രമേശ് ചെന്നിത്തലയെയും വേദിയിലിരുത്തി സുധീരന്‍ തുറന്നടിച്ചു.ഇതിനോടാണ് കെ മുരളീധരന്‍ പ്രതികരിച്ചത്.

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും ഈ വിഷയത്തില്‍ പ്രതികരണവുമായെത്തി. 2016ൽ വി.എം.സുധീരൻ രാജിവച്ചത് ഗ്രൂപ്പിന് അതീതമായി പാർട്ടിയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടെന്ന് സ്വയം ബോധ്യപ്പെട്ടതോടെയാണ്. എല്ലാ കാലത്തും ഗ്രൂപ്പും തെരഞ്ഞെടുപ്പ് കാലത്തെ തർക്കവുമുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടിയെ ഒറ്റകെട്ടായി കൊണ്ടുപോകാനാണ് ഇപ്പോഴത്തെ നേതൃത്വം ശ്രമിക്കേണ്ടതെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: