KeralaNEWS

മാർക്ക് ലിസ്റ്റ് വിവാദം: മാധ്യമപ്രവർത്തകയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത് പ്രതിഷേധാർഹം, മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറേയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത പൊലീസിന്റെ വിചിത്ര നടപടിയിൽ പ്രതിഷേധാർഹമെന്ന് പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും ജനാധിപത്യ കേരളത്തിന് അം​ഗീകരിക്കാനാവുന്ന നടപടിയല്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആർഷോ നൽകിയ ഗൂഢാലോചന പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലെ നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയിരിക്കുന്നത്.

‘കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒരു മാധ്യമപ്രവർത്തക ഒരു വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ​ഗൂഢാലോചനക്കുറ്റം ചുമത്തി അഞ്ചാം പ്രതിയായി കേസെടുക്കുന്ന പൊലീസ് നടപടി അങ്ങേയറ്റത്തെ പ്രതിഷേധാർഹമായ കാര്യമാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. മാധ്യമപ്രവർത്തകർ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. കെഎസ് യു പ്രവർത്തകർ പരാതി കൊടുക്കുന്പോൾ ആ പരാതി റിപ്പോർട്ട് ചെയ്യുന്നതിൽ എന്ത് തെറ്റാണുള്ളത്? അഖില നന്ദകുമാർ അത്ര മാത്രമേ ചെയ്ചിട്ടുള്ളൂ. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കനത്ത വെല്ലുവിളി മാത്രമല്ല, പത്രപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തിനുള്ള തടസ്സം സൃഷ്ടിക്കൽ കൂടിയാണ്. ഇത് ജനാധിപത്യ കേരളത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല.’ രമേശ് ചെന്നിത്തല പറഞ്ഞു.

മഹാരാജാസ് കോളേജ് മാർ‍ക് ലിസ്റ്റ് വിവാദത്തിൽ വിചിത്ര നടപടി സ്വീകരിച്ച് പൊലീസ്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറേയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. ഗൂഢാലോചന കുറ്റം ആരോപിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ പോയത്. കേസിൽ അന്വേഷണം തുടങ്ങിയിട്ടും പൊലീസ് എഫ്ഐആർപുറത്തുവിട്ടില്ല. പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് നടപടി. അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതിയാണ്. കേസിൽ ഒന്നാം പ്രതിയായ പ്രിൻസിപ്പലിന്റെ മൊഴി ഇന്നെടുത്തിരുന്നു.

Back to top button
error: