ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ നാല് ക്ഷേത്രവും 12 വിഗ്രഹവും തകര്‍ത്ത കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.സ്ഥലത്തെ ബിജെപി പ്രവർത്തകരാണിവർ.
ഹരീഷ് ശര്‍മ്മ, ശിവം, കേശവ്, അജയ് എന്നിവരെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.മേയ് 30ന് രാത്രിയായിരുന്നു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടത്.
പിറ്റേന്ന് പുലര്‍ച്ചെ ആരാധനയ്ക്ക് എത്തിയ വിശ്വാസികളാണ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടത് കണ്ടത്. ഉടൻ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 130ലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. അത്രത്തോളം തന്നെ പഴക്കമുള്ള ശിവലിംഗവും അക്രമികള്‍ തകര്‍ത്തതായി പോലീസ് പറഞ്ഞു.
പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷത്തിന് തിരികൊളുത്താനുള്ള ആസൂത്രിത ശ്രമമാണ് ക്ഷേത്ര ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിക്കുകയും ക്ഷേത്രങ്ങള്‍ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്ത് പ്രകടനം നടത്തുകയും ചെയ്തിരുന്നു. അക്രമത്തിന് പിന്നില്‍ മുസ്‍ലിംകളാണെന്ന ആരോപണം സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളും ഉയര്‍ത്തിയിരുന്നു.