പാലക്കാട്: അരിക്കൊമ്പന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടി അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തി ഭക്ത. ആനപ്രേമി സംഘത്തിലുള്ള വടക്കഞ്ചേരി സ്വദേശിനിയാണ് അരിക്കൊമ്പന്റെ ആയൂരാരോഗ്യ സൗഖ്യത്തിനായി ഈ ഹോമം നടത്തിയത്. വടക്കഞ്ചേരി മഹാഗണപതി ക്ഷേത്രത്തിലായിരുന്നു ഹോമം.
ആദ്യമായിട്ടാണ് ഈ ക്ഷേത്രത്തില്‍ ആനയ്ക്കായി ഇത്തരമൊരു അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നതെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥയും തുമ്പിക്കൈയിലെ മുറിവും, ആനയെ ഓരോ സര്‍ക്കാരും അങ്ങോട്ടും ഇങ്ങോട്ടും മാറ്റുകയാണല്ലോ?, അതില്‍ നിന്നെല്ലാം സംരക്ഷണം ആവശ്യപ്പെട്ടാണ് കര്‍ണാടകയില്‍ താമസിക്കുന്ന വടക്കഞ്ചേരി സ്വദേശിനി വഴിപാട് നടത്തിയതെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍, ഗണപതി ഹോമം നടത്തിയ ഭക്തയുടെ വേരും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ക്ഷേത്ര അധികൃതര്‍ തയ്യാറായില്ല. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന് ഭക്ത അറിയിച്ചതിന്റെ അടിസ്ഥനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതെന്നാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം. ഏതായാലും സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ഒരു കാട്ടാനയ്ക്ക് വേണ്ടി ഗണപതി ഹോമം നടത്തുന്നത്.