മുണ്ടക്കയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാൻ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ മുണ്ടക്കയം കരയിൽ പുത്തൻ വീട്ടിൽ സുലൈമാൻ മകൻ സുഹൈൽ സുലൈമാൻ (28) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. 225 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ കയ്യിൽ നിന്ന് കണ്ടെത്തി. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എക്സൈസ് സംഘം പറഞ്ഞു.
50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ആണ് കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തുകയാണ് പ്രതിയുടെ ശൈലി. ഇയാൾ സിനിമ പ്രവർത്തനത്തിന് പോകുമ്പോഴും മയക്കുമരുന്ന് കൈവശം വെയ്ക്കാറുള്ളതായി പറയുന്നു. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ മുതലായ സിനിമകളിൽ പ്രതി പ്രവർത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം ഇയാൾ ഈ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി പിടിയിലായത്.
പ്രതി വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വില്പന നടത്തിക്കൊണ്ടിരിക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങൾ തടയാനും എതിർക്കാനും ശ്രമിച്ചെങ്കിലും എതിർപ്പിനെ അതിജീവിച്ച് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിൽ 5 പൊതികളായാണ് ഗഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് തൂക്കി എടുക്കുന്നതിനു പയോഗിച്ച ചെറിയ ഇലക്ട്രോണിക് ത്രാസും മുറിയിൽ നിന്നും കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ എതിർപ്പും കയ്യേറ്റ ശ്രമവും പ്രതിയുടെ ഭാഗത്തു നിന്നുമുണ്ടായി. പ്രതി 5000 രൂപ നൽകി വാങ്ങിയ ഗഞ്ചാവ് നൽകിയതെന്ന് പ്രതിപറഞ്ഞ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ കരിങ്കല്ലും മൂഴി കരയിൽപടിഞ്ഞാറെ തടത്തേൽ വീട്ടിൽ പി.ആർ. സജി മകൻ ആരോമൽ സജിയെ രണ്ടാം പ്രതിയായും കേസെടുത്തു.
18 നും, 23 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകളായിരുന്നത്. കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേർ കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നതിനാൽ വൻ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. പ്രതിയുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങുന്നവർ, വിതരണക്കാർ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ പ്രിവൻ്റീവ് ഓഫീസർ ബിനോദ് കെ ആർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അനിൽകുമാർ, നൗഷാദ് സിവിൽ എക്സൈസ് ഓഫീസർമാരായ വി,നിമേഷ് കെ.എസ്, പ്രശോഭ് കെ.വി, ഹരിത മോഹൻ , എക്സൈസ് ഡ്രൈവർ അനിൽ കെ.കെ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്