CrimeNEWS

മദ്യപര്‍ക്കൊരു ദുഃഖവാര്‍ത്ത; മറിച്ചുവില്‍പ്പനക്കാരന്‍ ‘ജവാന്‍’ ഷജീര്‍ അകത്തായി

ആലപ്പുഴ: മാവേലിക്കര താമരക്കുളം ഭാഗത്തു വച്ച് ബിവറേജ് ഔട്ട് ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങി ചില്ലറ വില്പന നടത്തുന്നയാള്‍ എക്‌സൈസ് പിടിയിലായി. വള്ളികുന്നം സ്വദേശി ഷജീര്‍ (50) ആണ് 15 ലിറ്റര്‍ ജവാന്‍ മദ്യവുമായി നൂറനാട് എക്‌സൈസിന്റെ പിടിയിലായത്. മദ്യം കടത്തിക്കൊണ്ടു വന്ന ഹോണ്ട ഡിയോ സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

സ്ഥിരമായി ജവാന്‍ മദ്യം വില്പന നടത്തുന്നതിനാല്‍ ‘ജവാന്‍’ ഷജീര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഇയാള്‍ കുപ്പിക്ക് 840 രൂപ നിരക്കിലാണ് മദ്യം മറിച്ചു വിറ്റിരുന്നത്. സ്‌കൂട്ടറില്‍ കൊണ്ട് നടന്നുള്ള ഇയാളുടെ മദ്യ വില്പന കാരണം പൊതുസ്ഥലങ്ങളില്‍ ആള്‍ക്കാര്‍ മദ്യപിച്ചു സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു ധാരാളം പരാതികള്‍ എക്‌സൈസിന് ലഭിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പൊതുജനങ്ങള്‍ക്ക് ലഹരി ഉപയോഗത്തെയും വില്പ്പനയെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് നൂറനാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ ഫോണ്‍ നമ്പര്‍ 0479-2383400, 9400069503 ഉപയോഗിക്കാവുന്നതാണ്.

 

 

Back to top button
error: