IndiaNEWS

വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ ഭയം; ബാലസോറില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു

ഭുവനേശ്വര്‍: 280 പേര്‍ മരിക്കാനിടയായ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി താത്കാലിക മോര്‍ച്ചറിയായി ഉപയോഗിച്ച സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം പൊളിക്കാനൊരുങ്ങി അധികൃതര്‍. വേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നുവെങ്കിലും വിദ്യാര്‍ഥികളും ജീവനക്കാരും ഭയംമൂലം സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ തയ്യാറാകുന്നില്ല. രക്ഷിതാക്കളടക്കം ആശങ്ക അറിയിച്ചതോടെയാണ് സ്‌കൂള്‍ കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ബാലസോര്‍ കലക്ടര്‍ ദത്താത്രേയ ഭാവുസാഹെബ് ഷിന്ദേ കഴിഞ്ഞ ദിവസം സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ നേരിട്ടുകണ്ട രക്ഷിതാക്കളും സ്‌കൂള്‍ ജീവനക്കാരും കെട്ടിടം പൊളിക്കണമെന്നും പുതിയത് നിര്‍മിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം അധികൃതര്‍ അംഗീകരിക്കുകയാണ് ഉണ്ടായത്. അതിനിടെ, അന്ധവിശ്വാസം പ്രചരിപ്പിക്കരുതെന്നും ഭയം ജനിപ്പിക്കരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Signature-ad

ദുരന്തമുണ്ടായ സ്ഥലത്തിന് 500 മീറ്റര്‍മാത്രം അകലെയാണ് ബഹാനംഗ നോഡല്‍ ഹൈസ്‌കൂള്‍. മൃതദേഹങ്ങള്‍ ബാലസോറിലെയും ഭുവനേശ്വറിലേയും ആശുപത്രികളിലെ മോര്‍ച്ചറികളിലേക്ക് മാറ്റുന്നതിനുമുമ്പ് ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയെത്തിയാണ് പലരും ബന്ധുക്കളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. സ്‌കൂളിലെ ആറ് ക്ലാസ് മുറികളാണ് മൃതദേങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചത്. അതിനിടെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൗണ്‍സിലിങ് നല്‍കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടം അടുത്ത ദിവസം തന്നെ പൊളിച്ചുതുടങ്ങും.

 

Back to top button
error: