ന്യൂയോര്‍ക്ക്: കാനഡയിലെ കാട്ടുതീ പുക കൊണ്ട് നിറഞ്ഞ ന്യൂയോര്‍ക്ക് നഗരത്തില്‍ അതീവ ഗുരുതര സാഹചര്യം. മാസ്ക് ഉപയോഗിക്കാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. നഗരത്തില്‍ മാസ്ക് വിതരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സ്റ്റാച്യു ഓഫ് ലിബര്‍ട്ടി നിലനില്‍ക്കുന്ന സ്ഥലം ഉള്‍പ്പെടെയുള്ള മേഖലയില്‍ പുക മൂടിയിരുന്നു.
ന്യൂയോര്‍ക്ക് നഗരത്തിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പുക പ്രാദേശീക വിമാന സര്‍വീസുകളെയും ബാധിച്ചു. പല വിമാന സര്‍വീസുകളും വൈകിയാണ് ഓപ്പറേറ്റ് ചെയ്യുന്നത്. നിലവില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. പുക കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. സാഹചര്യങ്ങള്‍ വിലയിരുത്താനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രുഡോയുമായി ആശയവിനിമയം നടത്തി.
കാനഡയില്‍ ഇതിനോടകം കാട്ടുതീ വന്‍ നാശം വിതച്ചിട്ടുണ്ട്, 10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്.പല സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ക്യുബെക് സിറ്റിയില്‍ 20,000 ഹെക്ടര്‍ പ്രദേശമാണ് തീ വിഴുങ്ങിയത്. അമേരിക്കയിലും കാനഡയിലും വായു നിലവാര മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ടൊറൊന്റോ, ക്യുബെക്, ഒന്റാരിയോ നഗരങ്ങള്‍ പൂര്‍ണമായും പുകയില്‍ മൂടിയ അവസ്ഥയിലാണ്.