തൃശൂര്‍: പീഡന പരാതിയിലെ പ്രതി വിദേശത്തായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രതി മടങ്ങി വരുന്നത് വരെ കാത്തിരിക്കണം എന്ന വിചിത്രവാദവുമായി പോലീസ്. ചാലക്കുടി കൂടപ്പുഴ സ്വദേശി അരിയാരത്ത് അരുണ്‍ വിവാഹത്തട്ടിപ്പ് നടത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇര നീതി തേടി അലയുന്നത്.
സഹോദരനുമൊത്ത് വീട്ടിലെത്തി പെണ്ണുകണ്ട് വിവാഹം ഉറപ്പിച്ച് വിശ്വാസം നേടിയ ശേഷമായിരുന്നു പീഡനം. വിദേശത്ത് ജോലി ചെയ്യുന്ന യുവാവ് മടങ്ങിപ്പോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെത്തി യുവതിയുമൊത്ത് സിനിമയ്ക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. വീട്ടുകാരുടെ അനുവാദവും വാങ്ങി പോകുന്നതിനിടയിലാണ് അത്യാവശ്യമായി ജോലി തീര്‍ക്കാന്‍ ഉണ്ടെന്നു പറഞ്ഞ് അരുണ്‍ മലമ്പുഴ കെടിഡിസി ഹോട്ടലില്‍ എത്തിക്കുന്നത്.
തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി വസ്ത്രം മാറുന്നതിനിടെ നഗ്ന ദൃശ്യങ്ങളും പകര്‍ത്തി. വിദേശത്തേക്ക് കടന്ന യുവാവിന്റെ സ്വഭാവത്തില്‍ വന്ന മാറ്റമാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെ വിവാഹ തട്ടിപ്പിലൂടെ പീഡിപ്പിച്ചു എന്ന് യുവതിക്ക് മനസ്സിലായി.
സ്വഭാവ ദൂഷ്യം കാരണം ആദ്യ ഭാര്യയും ഇയാളുമായി വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചത് ഉള്‍പ്പെടെ ആദ്യ ഭാര്യ നല്‍കിയ പരാതിയും നിലനില്‍ക്കുന്നുണ്ട്. ഇതോടെ മാര്‍ച്ചില്‍ യുവതി മലമ്പുഴ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ യുവാവ് വിദേശത്ത് ആയതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ല എന്നാണ് പോലീസിന്റെ വാദം. യുവാവ് മടങ്ങിയെത്തുന്നത് വരെ കാത്തിരിക്കാനും ഇവരാവശ്യപ്പെട്ടു. എന്നാല്‍, പെണ്ണുകാണാന്‍ എത്തിയ സഹോദരനെ പോലും ഇതുവരെ പോലീസ് പ്രതിചേര്‍ക്കാത്തത് ഒത്തു കളിയാണോ എന്ന് ആക്ഷേപമാണ് ഉയരുന്നത്.
ഇതിനിടയില്‍ പ്രതിയുടെ സുഹൃത്ത് യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി അങ്കമാലി സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും എത്തിയ യുവതിയോട് പോലീസ് അപമര്യാതയായി പെരുമാറിയതായും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാക്കാതെ ആയതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് യുവതിയും കുടുംബവും.