കോട്ടയം: കാത്തിരിപ്പിന് വിരാമംകുറിച്ച് ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് നാല് മണിക്ക് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍ വാസവന് അധ്യക്ഷനാകും.
വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന റോഡ് 20 കോടി രൂപ അനുവദിച്ചാണ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ഇതോടെ, പാലാ, ഈരാറ്റുപേട്ട മേഖലകളില്‍നിന്നുള്ള വാഗമണ്‍ യാത്ര ഇനി സുഗമമാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് റീ ടെന്‍ഡറില്‍ റോഡുപണി കരാറെടുത്ത് നാലുമാസത്തില്‍ പൂര്‍ത്തിയാക്കിയത്.
2021 ഒക്ടോബറിലാണ് റോഡിന്റെ പുനരുദ്ധാരണത്തിന് 19.9 കോടി രൂപയുടെ ഭരണാനുമതിയും ഡിസംബറില്‍ സാങ്കേതികാനുമതിയും ലഭിച്ചത്. കിഫ്ബിയില്‍നിന്നുള്ള സാമ്പത്തികസഹായത്തോടെ ബിഎംബിസി നിലവാരത്തില്‍ റോഡ് നിര്‍മിക്കാനായിരുന്നു പദ്ധതി. 2022 ഫെബ്രുവരിയില്‍ 16.87 കോടി രൂപയ്ക്ക് കരാറായി. ആറുമാസംകൊണ്ട് റോഡുപണി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിബന്ധനയെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയ കരാറുകാരനെ ഒഴിവാക്കി. പിന്നീട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി രണ്ടാമത് ടെന്‍ഡര്‍ എടുത്ത് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു.