LIFEMovie

പടം തിയറ്ററിൽ പ്രദർശിപ്പിക്കണോ ? മിനിമം നിലവാരമെങ്കിലും വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്

മിനിമം നിലവാരമുള്ള സിനിമകൾ മാത്രമേ തിയറ്ററിൽ പ്രദർശിപ്പിക്കൂ എന്ന നിലപാടിലേക്കാണ് തങ്ങൾ നീങ്ങുന്നതെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. താരങ്ങൾ നിർമാതാക്കൾ ആയതോടെയാണ് ഒടിടി പ്രതിസന്ധി രൂക്ഷമായതെന്ന് ഫിയോക്ക് ഭാരവാഹികൾ പറഞ്ഞു. തിയേറ്റർ വ്യവസായത്തെ നശിപ്പിച്ചത് നിർമാതാക്കളായ താരങ്ങളുടെ ആർത്തിയാണ്. കരാർ ലംലിക്കുന്ന താരങ്ങളോട് മുഖം കറുപ്പിച്ച് പറയാൻ പലപ്പോഴും കഴിയുന്നില്ല. താരങ്ങളെ ഞങ്ങൾക്ക് പേടിയില്ല. ഞങ്ങളാണ് അവരെ താരങ്ങളാക്കിയത്. താരങ്ങളായ നിർമാതാക്കൾക്കെതിരെയും ശക്തമായ നിലപാടെടുക്കുമെന്നും തിയറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.

ഒടിടി റിലീസ് സംബന്ധിച്ച് നിർമാതാക്കളും തിയറ്റർ ഉടമകളും ആയുള്ള കരാർ ‘2018’ സിനിമയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നാളെയും മറ്റന്നാളും സൂചനാ പണിമുടക്ക് ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സമരത്തിൽ പങ്കെടുക്കില്ലെന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കിയിട്ടുണ്ട്. തിയറ്ററിൽ റിലീസ് ചെയ്‍ത് 42 ദിവസം കഴിഞ്ഞാൽ മാത്രം ആയിരിക്കണം ഒടിടി പ്ലാറ്റ്ഫോമുകളിലെ റിലീസ് എന്നായിരുന്നു തിയറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള ധാരണ. ‘2018’ന്റെ നിർമ്മാതാവ് ഇത് ലംഘിച്ചുവെന്നാണ് തിയറ്റർ ഉടമകളുടെ ആക്ഷേപം.

Signature-ad

തിയറ്ററിൽ മെയ് അഞ്ചിന് എത്തിയ ചിത്രം ‘2018’ ജൂൺ ഏഴിന് ആണ് ഒടിടിയിൽ റിലീസ് ചെയ്യുക. ഈ തീരുമാനമാണ് എതിർപ്പിന് കാരണമായത്. വൻ ബജറ്റിൽ നിർമിക്കുന്ന ഇതരഭാഷാ ചിത്രങ്ങൾ കളക്ഷനിൽ റെക്കോർഡുകൾ തിരുത്തുമ്പോൾ മലയാള സിനിമകൾ കാണാൻ തിയറ്ററിൽ ആളെത്തുന്നില്ലെന്ന ചലച്ചിത്രവ്യവസായത്തിൻറെ ആശങ്കകൾക്കിടെ തിയറ്ററുകളിലെത്തി വമ്പൻ വിജയം നേടിയ ചിത്രമാണ് ‘2018’. കേരളത്തിലെ ‘2018’ലെ പ്രളയം പശ്ചാത്തലമാക്കിയ ചിത്രം ആദ്യ ദിനങ്ങളിൽ തന്നെ വൻ മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്.

വാരങ്ങൾക്കിപ്പുറവും ഹൗസ്‍ഫുൾ ഷോകളായതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി മാറി ചിത്രം. ആഗോള ബോക്സ് ഓഫീസിൽ 160 കോടിയിലധികം ‘2018’ നേടിയതായാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ‘പുലിമുരുക’നെ മറികടന്നാണ് 2018 മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് എന്ന സ്ഥാനം ചിത്രം നേടിയെടുത്തത്. മലയാളം പതിപ്പിൻറെ വിജയത്തിനു പിന്നാലെ ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു.

Back to top button
error: