KeralaNEWS

വിദ്യാര്‍ത്ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച്‌ വഴിയില്‍ തള്ളിയ ജിനാഫ് ചെറിയ പുള്ളിയല്ല

താമരശ്ശേരിയിൽ കോളേജ് വിദ്യാര്‍ത്ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച്‌ വഴിയില്‍ ഉപേക്ഷിച്ച കേസില്‍  പിടിയിലായ ജിനാഫ് ചെറിയ പുള്ളിയല്ല.
മെയ് 28-നാണ് പുതുപ്പാടിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടു പ്രണയം നടിച്ച്‌ കാറില്‍ കയറ്റി വയനാട്ടിലും പിന്നീട് 30ന് വീണ്ടും നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റി എറണാകുളത്തും കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചത്.മടങ്ങുന്ന വഴി കാറില്‍ വച്ചും ലോഡ്ജില്‍ വച്ചും മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുകയും ഒന്നാം തിയ്യതി താമരശേരി ചുരത്തില്‍ ഇറക്കി കടന്നുകളയുകയായിരുന്നു.
വിദ്യാർത്ഥിനിയെ കാണാനില്ലെന്ന കോളേജ് അധികൃതരുടെ പരാതിയിലാണ് കല്‍പ്പറ്റ പുഴമുടി കടുമിടുക്കില്‍ വീട്ടില്‍ ജിനാഫ് (32)നെ താമരശേരി ഡിവൈഎസ്പി അഷറഫ് തെങ്ങലകണ്ടിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം തമിഴ്നാട്ടിലെ ചേരൻ നഗറില്‍ നിന്നും പിടികൂടിയത്.
വയനാട് കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് സംഘത്തിലെ കണ്ണിയാണ് പ്രതി. ഇയാളുടെ കൂട്ടാളികളെയും അടുത്ത സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തും നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ് നാട്ടിലേക്കു കടന്നതായി പൊലീസിന് മനസ്സിലായത്. ഇയാള്‍ ഉള്‍പ്പെട്ട വയനാട്ടിലെ ലഹരി സംഘത്തെക്കുറിച്ച്‌ വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസം നടന്ന പെരുവണ്ണാമുഴി പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലെ പ്രതികളിലൊന്നാണ്  പിടിയിലായ ജിനാഫ്.
ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം കള്ളകടത്തു നടത്തി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച്‌ ഉടമക്ക് കൈ മാറാതെ സ്വര്‍ണ്ണവുമായി മുങ്ങിയ ഇര്‍ഷാദിനെ വൈത്തിരിയിലെ ലോഡ്ജില്‍ നിന്നും ജിനാഫ് ഉള്‍പ്പെട്ട സംഘം ഗൂഡാലോചന നടത്തി തട്ടി കൊണ്ട് പോയി കസ്റ്റഡിയില്‍ വെച്ച്‌ മര്‍ദ്ദിച്ചു സ്വര്‍ണ്ണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ക്വട്ടേഷൻ സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാൻ പുഴയില്‍ ചാടിയ ഇര്‍ഷാദ് മുങ്ങി മരണപ്പെടുകയായിരുന്നു. ഈ കേസില്‍ മൂന്നര മാസം ജയിലില്‍ കിടന്ന് ജാമ്യത്തില്‍ ഇറങ്ങിയതാണ്.

താമരശേരി ഇൻസ്പെക്ടര്‍ എൻ കെ സത്യനാഥൻ , സ്പെഷ്യല്‍ സ്ക്വാഡ് എസ്‌ഐ രാജീവ് ബാബു, എസ്‌ഐ വി പി അഖില്‍, മുക്കം എസ്‌ഐ കെ എസ് ജിതേഷ്, എസ്സിപിഒ എൻ എം ജയരാജൻ, സിപിഒ റീന,ഷൈജല്‍, വി ആര്‍ ശോബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.

Back to top button
error: