
കൊച്ചി: പ്രശസ്ത ഹാസ്യ കലാകാരന് കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടൻ ബിനു അടിമാലിയുടെയും ഉല്ലാസ് അരൂരിന്റെയും ആരോഗ്യനിലയില്‍ പുരോഗതി.
ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബിനുവും എല്ലിന് പൊട്ടലേറ്റ ഉല്ലാസും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്.
അതേസമയം, അപകടത്തില്‍പ്പെട്ട മഹേഷിനെ കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഇദ് ദേഹത്തിന്റെ പരിക്കും ഗുരുതരമല്ല.
ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ ജില്ലയിലെ കയ്പംഗലത്തിന് സമീപത്ത് വെച്ചുണ്ടായ അപകടത്തില്‍ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. കലാകാരന്മാര് സഞ്ചരിച്ച കാര്‍ എതിര് ദിശയില്‍ നിന്നും വന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം.






