LIFEMovie

ഒറ്റപ്പെട്ട സംഭവമായി അധികാരികള്‍ ഇത് കാണരുത്; അമല്‍ജ്യോതിയിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണത്തില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളെജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി അധികാരികൾ കാണരുതെന്നും തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന വിദ്യാർഥികളെ കേരളം കേൾക്കണമെന്നും ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഷെയ്ൻ നിഗത്തിൻറെ കുറിപ്പ്

“അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവൺമെൻ്റ്തല അധികാരികളും കാണരുത്. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടി കണ്ട് കോളേജ് അധികാരികളെ തൻ്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം…. ഐക്യദാർഢ്യം നൽകണം…”

അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്നാണ് കുടുംബത്തിൻറെ ആരോപണം. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മനപൂർവമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ. ‘എച്ച്ഒഡി എന്തൊക്കെയോ മകളോട് സംസാരിച്ചിട്ടുണ്ട്. അവളെ ഹരാസ് ചെയ്തിട്ടുണ്ട്. ക്യാബിനിൽ നിന്നും പുറത്തേക്ക് പോയതോടെയാണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത് പോലെ തോന്നിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു, പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കുട്ടി തലകറങ്ങി വീണതാണ് എന്നാണ് കോളേജ് അധികൃതർ ഡോക്ടറോട് പറഞ്ഞത്, ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിച്ചേനേ, കോളേജ് അധികൃതർ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാഞ്ഞതെന്ന് ശ്രദ്ധയുടെ ബന്ധുവും ആരോപിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: