കോട്ടയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടേയും പരിസ്ഥിതി ദിനാചരണത്തിന്റെയും ഭാഗമായി ഹരിത സഭ സംഘടിപ്പിച്ച് ഉദയനാപുരം ഗ്രാമപഞ്ചായത്ത്. ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഹരിത സഭയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അനൂപ് പരിസ്ഥിതി ദിന സന്ദേശം നൽകി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ആശാറാണി റിപ്പോർട്ട് അവതരിപ്പിച്ചു.
ഹരിത സഭയോടനുബന്ധിച്ച് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും ശിക്ഷകളും എന്ന വിഷയത്തിൽ ചർച്ച നടന്നു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയായി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എം ശോഭിക, ശ്യാമള ദിനേശ്, കെ. ദീപേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. പ്രസാദ്, ജിനു ബാബു, ലെറ്റി മോൾ സാബു, മിനി മനക്കപ്പറമ്പിൽ, ടി പി രാജലക്ഷ്മി, ടി പ്രകാശ്, എസ്.രാധാമണി എന്നിവർ പങ്കെടുത്തു.