KeralaNEWS

കെ-ഫോണ്‍ കേബിളുകള്‍ ചൈനയില്‍ നിന്ന്; പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: കെ-ഫോണ്‍ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒ.പി.ജി. കേബിളുകള്‍ സ്ഥാപിച്ചത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണെന്ന് അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ നിര്‍മിത കേബിളുകള്‍ ഉപയോഗിക്കണമെന്നായിരുന്നു വ്യവസ്ഥയെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ഉപയോഗിച്ചിരിക്കുന്നത് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കേബിളുകളാണ്. ഇവയുടെ ഗുണമേന്മയില്‍ ഒരുറപ്പുമില്ല. പദ്ധതി ഏറ്റെടുത്ത കമ്പനി മൂന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ട്. ഇത് കെ-ഫോണിനും വൈദ്യുതി ബോര്‍ഡിനുമറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ശിവശങ്കറാണ് ഒരു കത്തിലൂടെ 500 കോടി രൂപയുടെ അധിക ബാധ്യത പദ്ധതിയിലുണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2021-ല്‍ കെ-ഫോണ്‍ ഉദ്ഘാടനം ചെയ്തതാണ്. ഇപ്പോള്‍ വീണ്ടുമൊരു ഉദ്ഘാടനം നടത്തുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന കാലത്താണ് കെ-ഫോണ്‍ ഉദ്ഘാടനത്തിന് 4.35 കോടി രൂപ ചിലവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ കുടുംബം ആരോപണവിധേയരായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റുള്ള മന്ത്രിമാര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നാണ് കുടുംബത്തിലെ അംഗമായ മന്ത്രി റിയാസ് പറയുന്നത്. അഴിമതിയെ സംരക്ഷിക്കാനിറങ്ങാത്ത മന്ത്രിമാര്‍ക്കെതിരായ ഭീഷണിയാണ് റിയാസ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് കെ-ഫോണും അഴിമതി ക്യാമറയും. സാധാരണക്കാരന്റെ പോക്കറ്റ് അടിക്കുന്ന നടപടിയാണ് അഴിമതി ക്യാമറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: