Movie

പിജെ ആന്റണി നായകനും പ്രേംനസീർ ഉപനായകനുമായ പിഎൻ മേനോന്റെ ‘റോസി’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് 58 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

   ‘അല്ലിയാമ്പൽ കടവി’ലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ ‘റോസി’ക്ക് 58 വയസ്സ്. കവിയൂർ പൊന്നമ്മയാണ് റോസിയെ അവതരിപ്പിച്ചത് (ഭർത്താവ് മണിസ്വാമിയായിരുന്നു നിർമ്മാതാവ്). സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിച്ച ആദ്യകാല മലയാളസിനിമകളിലൊന്നാണ് റോസി. സൂപ്പർസ്റ്റാർ പ്രേംനസീറിന് സഹനായകൻ സ്ഥാനം നൽകിക്കൊണ്ട് പിജെ ആന്റണി നായകനായി വന്ന ചിത്രം. ‘ദ വുമൺ ഓഫ് ദ റിവർ’എന്ന ഇറ്റാലിയൻ ചിത്രത്തിന്റെ മൂലകഥ വികസിപ്പിച്ചത് സംവിധായകൻ പി.എൻ മേനോനാണ്. സംഭാഷണം പിജെ ആന്റണി. 1965 ജൂൺ 4 റിലീസ്.

പോലീസ് തിരയുന്ന തോമായ്ക്ക് (പി.ജെ ആന്റണി) അഭയം കൊടുത്ത ഔസേപ്പിന്റെ മകളാണ് റോസി. തോമായും റോസിയുമായി വിവാഹം നടന്ന ശേഷം പോലീസിനെ ഭയന്ന് കാട്ടിൽ കുടിൽ കെട്ടി താമസിച്ച തോമായെ ഗർഭിണിയായ ഭാര്യ അനുഗമിക്കുന്നു. എന്തിനാണ് തോമായെ പോലീസ് തിരയുന്നത്…? സഹോദരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മുതലാളിയെ തടഞ്ഞപ്പോൾ മുതലാളി കൊല്ലപ്പെട്ടതിനാണ്.
പ്രസവാനന്തരം റോസി മരിച്ചു. തോമാ പോലീസ് പിടിയിലുമായി. കുഞ്ഞിന്റെ കരച്ചിൽ ബാക്കിയായി.

അപ്പോൾ നസീറിന്റെ കഥാപാത്രം? അതൊരു സമാന്തര പ്രണയകഥയാണ്. പ്രണയസാക്ഷാത്ക്കാരം നേടിയ നസീർക്കഥയിലെ ജോഡി വിജയനിർമ്മല ആയിരുന്നു .

കെ.വി ജോബ് ആയിരുന്നു സംഗീതം. പി ഭാസ്‌ക്കരൻ ഗാനരചന. ‘അല്ലിയാമ്പലി’ന് പുറമേ ‘കണ്ണിലെന്താണ് കനകക്കിനാവിന്റെ മയ്യ്,’ ‘ചാലക്കുടിപ്പുഴയും,’ ‘വെളുക്കുമ്പോ പുഴയൊരു കളിക്കുട്ടി,’ ‘എങ്കിലോ പണ്ടൊരു കാലം’ എന്നീ ഗാനങ്ങൾ കൂടിയുണ്ടായിരുന്നു.
ഇതേ വർഷം തന്നെ ‘തൊമ്മന്റെ മക്കളി’ലൂടെ ‘ഞാനുറങ്ങാൻ പോകും മുൻപായി’ എന്ന ഹിറ്റ് ഗാനം കെ.വി ജോബിൽ നിന്നുണ്ടായി. പിന്നീട് ഹിറ്റുകളോ അവസരങ്ങളോ ഇല്ലായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: