കുമളി: ഇടുക്കിയിലെ കുമളിയിൽ, മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്തതിനെ സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട മാധ്യമ പ്രവർത്തകന് സിപിഎം പ്രവർത്തകർ മർദ്ദിച്ചു. മാധ്യമ പ്രവർത്തകനും, കേരള ബാങ്ക് ജീവനക്കാരനുമായ അബ്ദുൾ സമദിനാണ് മർദ്ധനമേറ്റത്. അബ്ദുൾ സമദിനെ പരിക്കുകളോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം.
കേരള ബാങ്ക് ജീവനക്കാരനായ അബ്ദുൾ സമദ് വൈകിട്ട് കളക്ഷനെടുക്കുന്നതിനിടെ കുമളി ഒന്നാം മൈലിൽ വച്ചാണ് ആക്രമണം നടന്നത്. സമദിൻറെ വീടിന് സമീപത്തുകൂടെ കടന്നു പോകുന്ന ഓട പുതുക്കി പണിയുന്നതിനായി മാസങ്ങൾ മുമ്പ് അടച്ചിരുന്നു. പണിപൂർത്തിയായിട്ടും ഇത് തുറന്നു നൽകാൻ പഞ്ചായത്തംഗങ്ങൾ തയ്യാറായില്ല. ഇതിനിടെ ഓടയിൽ മണ്ണിട്ടതിനെ തുടർന്ന് ഒഴുക്കു നിലച്ചതോടെ വീടുകൾക്ക് സമീപം മാലിന്യം കുന്നു കൂടി കിടക്കുകയാണ്. പലതവണ ഇക്കാര്യം കുമളി പഞ്ചായത്തിലെ 8, 14 വാർഡുമെമ്പർമാരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
ഇത് സംബന്ധിച്ച് ഇന്നലെ ഫേസ്ബുക്കിൽ സമദ് പോസ്റ്റിട്ടിരുന്നു. ഇതാണ് പ്രകോപനത്തിനു കാരണമായത്. സി.പി.എം. പ്രവർത്തകർ കൂട്ടമായെത്തി തന്നെ ആക്രമിക്കുകയായിരുന്നു എന്ന് അബ്ദുൾ സമദ് പറഞ്ഞു. ആളുകൾ കൂട്ടമായി മർദ്ധിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലും വ്യക്തമാണ്. ആക്രമണത്തിൽ മുഖത്തും, തോളിനും , തലയ്ക്കും, സാരമായി പരുക്കേറ്റ അബ്ദുൾ സമദിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രാജേഷ് രാജു, വിഷ്ണു, ടിസി തോമസ്, പി രാജൻ എന്നിവരടക്കം അഞ്ച് പേരെ പ്രതി ചേർത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകന് നേരെയുള്ള ആക്രമണത്തിൽ വിവിധ മാധ്യമ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി.