പാലക്കാട്: ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിവസം മുതല്‍ കൈക്കൂലി വാങ്ങി തുടങ്ങിയതായി കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴി. 2001 ല്‍ അട്ടപ്പാടി പാടവയല്‍ വില്ലേജ് ഓഫീസില്‍ ജോലിയ്ക്ക് കയറി രണ്ടാം ദിവസം കൈക്കൂലിയായി കിട്ടിയത് 500 രൂപയാണ്. സ്ഥലമളക്കാന്‍ മേലുദ്യോഗസ്ഥനൊപ്പം പോയപ്പോഴാണ് കൈക്കൂലി വിഹിതം കിട്ടിയത്.
പിറ്റേ ദിവസവും 500 രൂപ കിട്ടിയപ്പോള്‍ കൈക്കൂലി പ്രധാന ലക്ഷ്യമായെന്നും സുരേഷ് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയിലുണ്ട്. ഇങ്ങനെ കൈക്കൂലി വഴി മാസം ചുരുങ്ങിയത് 40,000 രൂപ വരെ ഉണ്ടാക്കാറുണ്ടെന്നും മൊഴിയുണ്ട്. കൈക്കൂലി കേസില്‍ അറസ്റ്റിലായ സുരേഷ് കുമാര്‍ നിലവില്‍ റിമാന്റിലാണ്. 3 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി സുരേഷ് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
ആവശ്യമായ രേഖകള്‍ നല്‍കുന്നതിന് പലരില്‍ നിന്നായി 5000 രൂപ മുതല്‍ 40,000 രൂപ വരെയാണ് സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. റീ ബില്‍ഡ് കേരളയുടെ മറവിലും സുരേഷ് കുമാര്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിരുന്നു. മലയോര മേഖലയില്‍ അതിവൃഷ്ടിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. പാലക്കയം വില്ലേജ് ഓഫീസ് പരിധിയിലെ വട്ടപ്പാറ, അച്ചിലട്ടി, കുണ്ടപ്പൊട്ടി ഭാഗങ്ങളില്‍ മാത്രം 46 പേര്‍ക്കാണ് റീ ബില്‍ഡ് കേരളയില്‍ സഹായം ലഭിച്ചത്.
ഈ തുക ലഭിക്കാന്‍ പൊസഷന്‍ സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് തുടങ്ങിയ ആവശ്യമായ രേഖകള്‍ കിട്ടാന്‍ ദിവസങ്ങളോളമാണ് പലരും വില്ലേജ് ഓഫീസ് കയറിയിറങ്ങിയത്. ഇതിന് പലരില്‍ നിന്നായി 5000 രൂപ മുതല്‍ 40,000 രൂപ വരെയാണ് സുരേഷ് കുമാര്‍ കണക്ക് പറഞ്ഞ് എണ്ണി വാങ്ങിയതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക വിവരം. മന്ത്രിയുടെ അദാലത്തിനിടെ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാര്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കൈക്കൂലി വാങ്ങിയ പണവും മറ്റ് വസ്തുക്കളും കണ്ടെടുത്തത്. ലോഡ്ജിലെ മുറിയില്‍ നിന്ന് ഏകദേശം ഒരു കോടിയോളം രൂപയാണ് റെയ്ഡില്‍ കണ്ടെത്തിയത്.