KeralaNEWS

ബക്കറ്റ് പിരിവിന്റെ റിഫൈന്‍ഡ് ഫോമാണ് സ്‌പോണ്‍സര്‍ഷിപ്പ്; ലോക കേരളസഭകൊണ്ട് സാധാരണ പ്രവാസികള്‍ക്കും കേരളീയര്‍ക്കും ഒരു ഗുണവും ഉണ്ടാവുന്നില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക കേരളസഭകൊണ്ട് സാധാരണ പ്രവാസികൾക്കും കേരളീയർക്കും ഒരു ഗുണവും ഉണ്ടാവുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബക്കറ്റ് പിരിവിന്റെ പുതിയ പതിപ്പാണ്‌ സ്‌പോൺസർഷിപ്പ് എന്ന പേരിൽ നടത്തുന്നത്. ആളുകൾ വൈകിട്ട് പോയിരിക്കുന്ന ടൈംസ് സ്‌ക്വയറിൽ സമ്മേളനം നടത്തുന്നു എന്ന് പറഞ്ഞാൽ, എന്താണ് നടക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു.

ലോക കേരളസഭ ധൂർത്താണെന്നും വരേണ്യവർഗത്തിനുവേണ്ടിയുള്ള ഏർപ്പാടാണെന്നും മനസിലാക്കിയതോടെയാണ് കഴിഞ്ഞ രണ്ടുവർഷവും പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. മുഖ്യമന്ത്രി അമേരിക്കയിൽ പോകുമ്പോൾ അദ്ദേഹത്തെ കാണണമെങ്കിൽ പണം കൊടുക്കണമെന്ന് പറയുന്നതിന്റെ അർഥമെന്താണ്? കേരളത്തിലെ മുഖ്യമന്ത്രിയുടെ അടുത്തിരിക്കണമെങ്കിൽ പണം കൊടുക്കണമെന്ന് പറയുന്നത് എന്ത് ഏർപ്പാടാണ്? കേരളത്തിലെ മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കണമെങ്കിൽ പണം കൊടുക്കണമെന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്ത ഏർപ്പാടാണെന്നും ചെന്നിത്തല പറഞ്ഞു.

പൂച്ച പാലുകുടിക്കുന്നതുപോലെ ഒന്നും അറിയാതെ തട്ടിപ്പും വെട്ടിപ്പും നടത്തുന്നു. അത് കണ്ടുപിടിച്ചതിന്റെ പ്രതിഷേധമാണ് എ.കെ. ബാലന്. ഈ ലോക കേരളസഭകൊണ്ട് പ്രവാസി ലോകത്തിന് എന്ത് പ്രയോജനമുണ്ടാകുന്നു? മുഖ്യമന്ത്രി ഇത്രയും നാൾ നടത്തിയ വിദേശയാത്രകൊണ്ട് കേരളത്തിന് എന്ത് ഗുണമുണ്ടായി? ധനികരായ, വരേണ്യവർഗത്തിന്റെ പ്രതിനിധികളെ കൂട്ടി നടത്തുന്ന പ്രാദേശിക സമ്മേളനം കൊണ്ടൊന്നും സാധാരണപ്രവാസികൾക്കും കേരളീയർക്കും ഒരു ഗുണവും ഉണ്ടാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘സ്‌പോൺസർഷിപ്പ് ഓമനപ്പേരാണ്. ബക്കറ്റ് പിരിവിന്റെ റിഫൈൻഡ് ഫോമാണ് സ്‌പോൺസർഷിപ്പ് എന്ന പേരിൽ നടത്തുന്നത്. ഇങ്ങനെ പണംപിരിച്ച് ധൂർത്തടിക്കാൻ ആര് അനുവാദം കൊടുത്തു? ടൈംസ് സ്‌ക്വയറിൽ വൈകുന്നേരം എല്ലാവരും പോകുന്നതാണ്. അവിടെ സമ്മേളനം നടത്തുന്നു എന്ന് പറഞ്ഞാൽ, ഇവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. ഇതെല്ലാം ധൂർത്തും അഴിമതിയും മാത്രമാണ്. സർക്കാരിന്റെ കൈയിൽ പണമില്ലാത്തതുകൊണ്ട് നാട്ടുകാരുടെ കൈയിൽനിന്ന് പണം പിരിച്ച് പരിപാടി നടത്തുമ്പോൾ എന്ത് പ്രയോജനമാണ് ഉണ്ടാവുന്നത്? ഒരു പ്രയോജനവുമില്ലെന്നതാണ് അടിസ്ഥാനപരമായി മനസിലാക്കാൻ കഴിയുന്നത്. അതുകൊണ്ട് മുഖ്യമന്ത്രി ഇതിൽനിന്ന് പിന്മാറണം. സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കണം. മുഖ്യമന്ത്രി അറിയാതെ ബ്രോഷർ ഇറക്കില്ലല്ലോ? ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്തിരുന്ന് ഒരുപാട് ധൂർത്ത് നടത്തിയ ആളാണ്. നോർക്കകൂടി കിട്ടിയപ്പോൾ സ്‌പോൺസർഷിപ്പിന്റെ പേരിലെ പിരിവുകൂടി തുടങ്ങിയിരിക്കുകയാണ്. ഇതൊക്കെ തെറ്റായ നടപടിയാണ്’, രമേശ് ചെന്നിത്തല പറഞ്ഞു.

Back to top button
error: