KeralaNEWS

ചിറയിൻകീഴില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവാവിനെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു

തിരുവനന്തപുരം: ചിറയിൻകീഴില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശല്യം ചെയ്ത യുവാവിനെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു.

വീട്ടുകാരുടെ ആരോപണത്തിന് പിന്നാലെ ചിറയിൻകീഴ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാഖിശ്രീയുടെ സുഹൃത്തായിരുന്ന അര്‍ജുനെതിരെ തെളിവ് ലഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് യുവാവിനെതിരെ പോക്സോ, ആത്മഹത്യ പ്രേരണ കുറ്റങ്ങള്‍ ചമുത്തി പൊലീസ് കേസെടുത്തത്. യുവാവിന്റെ ശല്യം കാരണമാണ് എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച പിറ്റേദിവസം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

 

Signature-ad

കഴിഞ്ഞ മാസം 20ന് ആറു മണിയ്ക്കാണ് പതിനാറ് വയസുകാരിയായ രാഖിശ്രീയെ വീട്ടിലെ ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മുഴുവൻ വിഷയങ്ങള്‍ക്കും രാഖിശ്രീക്ക് എ പ്ലസ് കിട്ടിയിരുന്നു.പരീക്ഷാ ഫലം വന്നതിന്റെ പിറ്റേന്ന് വഴിയിൽ തടഞ്ഞു നിർത്തി തന്നോടൊപ്പം ഇറങ്ങി വരാൻ യുവാവ് ഭീക്ഷണിപ്പെടുത്തിയതിന്റെ പിന്നാലെയായിരുന്നു ആത്മഹത്യ.

 

പരീക്ഷാ ഫലം വന്നതിന്റെ സന്തോഷത്തില്‍ നാട്ടുകാരുടേയും സ്കൂളിന്‍റേയും അനുമോദനം ഏറ്റുവാങ്ങി അയല്‍വാസികള്‍ക്കും കൂട്ടുകാര്‍ക്കും മധുരവും വിതരണം ചെയ്ത് പൂര്‍ണ സന്തോഷവതിയായിരുന്ന രാഖിശ്രീയുടെ ആത്മഹത്യ നാട്ടുകാരേയും സുഹൃത്തുക്കളേയും അധ്യാപകരേയും വേദനയിലാഴ്ത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശി അര്‍ജുനെതിരെ രാഖിയുടെ കുടുംബം രംഗത്ത് വന്നത്. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരൻ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കില്‍ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാതായും കുടുംബം പോലീസിന് പരാതി നൽകിയിരുന്നു.

 

തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു രാഖിശ്രീ.

Back to top button
error: