
കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ ഊന്നുകല്‍ മൃഗാശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് രണ്ടു മാസത്തിന് മുകളിലായിട്ടും അധികൃതർക്ക് അനക്കമില്ല.ഏപ്രിലില്‍ ഇരിങ്ങാലക്കുട സ്വദേശിയായ പള്ളി വികാരി ഓടിച്ച ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്.
സംഭവത്തിൽ കോൺക്രീറ്റ് ബില്‍ഡിങ്ങിന്റെ സംരക്ഷണ ഭിത്തി പകുതിയോളം തകരുകയും ബാക്കിയുള്ള ഭിത്തികള്‍ വാര്‍ക്കയില്‍ നിന്ന് വിണ്ടുകീറി അകന്ന് നില്‍ക്കുകയുമാണ്.സംരക്ഷണഭിത്തി തകര്‍ന്നതോടെ ഏത് സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഇത്. തേങ്കോട്, വെള്ളാമക്കുത്ത് പ്രദേശവാസികളും ഊന്നുകല്‍ മൃഗാശുപത്രിലെത്തുന്നവരടക്കം നൂറുകണക്കിനാളുകള്‍ ഉപയോഗിച്ചുവരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കൂടിയാണ് ഇത്.ഇപ്പോൾ സ്കൂളുകൾ കൂടി തുറന്നതോടെ കുട്ടികളും മഴനനയാതെ കയറി നിൽക്കുന്നത് ഇവിടെയാണ്.






