IndiaNEWS

എടിഎമ്മിൽ നിന്ന് ഇനി നാണയങ്ങളും പിൻവലിക്കാം; കേരളത്തിൽ ആദ്യം കോഴിക്കോട്

ന്യൂഡൽഹി: നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി കോയിൻ വെൻഡിംഗ് മെഷീനുകള്‍ സ്ഥാപിക്കാൻ എല്ലാ ബാങ്കുകൾക്കും ആര്‍ബിഐ നിർദേശം നൽകി.
ആദ്യഘട്ടത്തില്‍ 12 നഗരങ്ങളിലെ 19 കേന്ദ്രങ്ങളിലാണ് മെഷീനുകള്‍ സ്ഥാപിക്കുന്നത്.ജനങ്ങള്‍ ഏറ്റവും കൂടുതലുള്ള ഷോപ്പിംഗ് മാളുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് മെഷീനുകള്‍ ആദ്യമെത്തുക.
കോയിൻ വെൻഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കോഴിക്കോട് മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഹമ്മദാബാദ്, ബറോഡ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പാട്ന,പ്രയാഗ് രാജ് എന്നിവയാണ് കോയിൻ വെൻഡിംഗ് മെഷീനുകള്‍ എത്തുന്ന മറ്റ് നഗരങ്ങള്‍.
ഒരു രൂപ മുതല്‍ 20 രൂപ വരെയുളള നാണയങ്ങളാണ് ഉപഭോക്താക്കള്‍ക്ക് മെഷീൻ മുഖാന്തരം പിൻവലിക്കാൻ സാധിക്കുക. മെഷീനിലേക്ക് ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാവുന്നതാണ്. ഇത്തരത്തില്‍ എത്ര നാണയങ്ങള്‍ വേണമെങ്കിലും പിൻവലിക്കാൻ കഴിയും. കോയിൻ വെൻഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനായി ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി സഹകരിച്ച്‌ ആര്‍ബിഐ പൈലറ്റ് പ്രോജക്‌ട് ആരംഭിച്ചിട്ടുണ്ട്.

Back to top button
error: