മാതാപിതാക്കൾ ശ്രദ്ധിക്കുക: കുട്ടികളുടെ ചിട്ടയില്ലാത്ത ഭക്ഷണരീതി ഗുരുതര പ്രത്യാഘാതമുണ്ടാക്കും, പൊണ്ണത്തടിയും ഒപ്പം പകര്‍ച്ചവ്യാധികളും ബാധിക്കാം
സ്കൂൾ, കോളജ് കാലഘട്ടത്തില്‍ കുട്ടികളില്‍ രൂപപ്പെടുന്നചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്നീട് പൊണ്ണത്തടിയിലേക്കും ശ്വാസംമുട്ടലിലേക്കും വിഷാദത്തിലേക്കുമൊക്കെ നയിക്കുമെന്നാണ് അന്താരാഷ്ട്ര ഗവേഷക ഡോ. ജൊവാന്‍ ബോട്ടോര്‍ഫ് പറയുന്നു.
യു.ബി.സി.ഒ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ പ്രൊഫസറാണ് ജൊവാന്‍. ചൈനയിലെ ഏകദേശം 31 യൂണിവേഴ്‌സിറ്റികളിലെ 12,000 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഗവേഷണത്തില്‍ പങ്കെടുത്തത്.
കോളജ് വിദ്യാഭ്യാസത്തിന് പോകുന്നതു മുതലാണ് കുട്ടികളില്‍ ഇത്തരം ഭക്ഷണശീലങ്ങള്‍ ഉടലെടുക്കുന്നതെന്നും ഇത് വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും ജൊവാന്‍ പറയുന്നു.
ഉയര്‍ന്ന കലോറിയും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ പൊതുവേ കഴിക്കാറ്. ഇത് പൊണ്ണത്തടി സൃഷ്ടിക്കുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. എന്നാല്‍, പൊണ്ണത്തടി മാത്രമല്ല ഇവ മൂലം ഉണ്ടാകുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും വരെ ഉണ്ടായേക്കാം. വയറിളക്കവും ജലദോഷവുമാണ് ഇവയില്‍ ചിലത്.
വിദ്യാര്‍ഥികളെ ആരോഗ്യകരമായ ഭക്ഷണരീതി എന്താണെന്ന് പഠിപ്പിക്കണമെന്നും ഇത്തരം ആരോഗ്യകരമായ ഭക്ഷണം എല്ലാ വിദ്യാര്‍ഥികള്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ കോളജുകളില്‍ ലഭ്യമാക്കണമെന്നും ഡോ.ജൊവാന്‍ നിർദ്ദേശിക്കുന്നു.
ആരോഗ്യപൂര്‍ണമായ ഭക്ഷണം ഉണ്ടാക്കുന്നതിനായി അധികസമയം ചെലവഴിക്കുന്നതിനെപ്പറ്റിയല്ല ഗവേഷക പറയുന്നത്. കോളജിലെ കഫറ്റീരിയയിലും വെന്‍ഡിങ് മെഷീനുകളിലുമെല്ലാം ഹെല്‍ത്തി ഭക്ഷണം ലഭിക്കുന്ന സാഹചര്യങ്ങളുണ്ടാകണം.