കൊച്ചി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൻ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് ഹരീഷ് പേരടി. അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ലെന്ന് ഹരീഷ് പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകൾ
രാജ്യത്തിന്റെ അഭിമാനം കാത്ത കായികതാരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ..ഭഗവത്ഗീതപോലും സ്വന്തം ഭാഷയിൽ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാർ നിയമ നിർമ്മാണ സഭയിൽ…മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തിൽ പോയാൽ മതിയായിരുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ടാകാം …അങ്ങിനെ തോന്നാൻ പാടില്ല…കാരണം ഒരു പണിയുമെടുത്ത് ജീവിക്കാൻ താത്പര്യമില്ലാത്തവർക്കുള്ളതാണ് സന്യാസ,പുരോഹിത,ഉസ്താദ് കപട വേഷങ്ങൾ..അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ല…രാജ്യത്തിന്റെ അഭിമാന മാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം.
അതേസമയം, അനിൽ കുംബ്ലൈ, സാനിയ മിർസ, കപിൽ ദേവ്, നീരജ് ചോപ്ര, അടക്കമുള്ള കായികതാരങ്ങളും ശശി തരൂർ, അരവിന്ദ് കെജരിവാൾ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും കായിക താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിൻറെ യശ്ശസ്സ് ഉയർത്തിയ ഗുസ്തി താരങ്ങൾ മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത് അതീവ ദുഖകരമെന്ന് ശശി തരൂർ എംപിയും പ്രതികരിച്ചത്.
ഇതിനിടെ, മെഡലുകൾ ഗംഗയിൽ ഒഴുക്കിയുള്ള പ്രതിഷേധത്തിൽ നിന്നും താൽകാലികമായി പിന്മാറി ഗുസ്തി താരങ്ങൾ. ഹരിദ്വാറിലെത്തിയ കർഷക നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് താരങ്ങൾ സമരത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയത്. കായിക താരങ്ങളോട് അഞ്ച് ദിവസം സമയം തരണമെന്നും പ്രശ്‌നപരിഹാരത്തിന് ഇടപെടലുണ്ടാകുമെന്നും കർഷക നേതാക്കൾ അറിയിച്ചു.