LocalNEWS

പാറമ്പുഴ തടി ഡിപ്പോ കടവിന് എതിർവശത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോട്ടയം: പാറമ്പുഴ തടി ഡിപ്പോ കടവിന് എതിർവശത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നട്ടാശ്ശേരി ഇറഞ്ഞാൽ പള്ളിയമ്പിൽ ബാലകൃഷ്ണകുറുപ്പിന്റെ മകൻ അജയ് ബി. കൃഷ്ണനാണ് (25) മരിച്ചത്. ഇന്നു വൈകുന്നേരം 6.15 ഓടെ ഇറഞ്ഞാൽ പാറമ്പുഴ വനം ഡിപ്പോയ്ക്ക് സമീപമുള്ള പാലയ്ക്കാട്ടു കടവിലാണ് അപകടമുണ്ടായത്.

സന്ധ്യയോടെയാണ് യുവാവും സുഹൃത്തുക്കളും ബണ്ടുകെട്ടിയ ഭാഗത്ത് കുളിക്കാനായി ഇറങ്ങിയത്. സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ ആറിൻ്റെ നടുഭാഗത്തായുള്ള ബണ്ടിന് സമീപത്തായി എത്തി എങ്കിലും ഒഴുക്കിൽപെടുകയായിരുന്നു. സുഹൃത്ത് വലിച്ചുയർത്താൻ പരിശ്രമിച്ചെങ്കിലും കൈ വഴുതി ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. കോട്ടയം യൂണിറ്റിൽനിന്നുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി. അര മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Signature-ad

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂ, പഞ്ചായത്തംഗം മിഥുൻ തോമസ്, കൗൺസിലർ സാബു മാത്യൂ എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി. കുമാരനല്ലൂർ ദേവീക്ഷേത്രം ജീവനക്കാരനാണ് പിതാവ് ബാലകൃഷ്ണക്കുറുപ്പ്. റബർ ബോർഡ് ഉദ്യോഗസ്ഥയായ ലതയാണ് മാതാവ്. സഹോദരൻ അരുൺ ബി. കൃഷ്ണൻ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: