ഹണിമൂണിനിടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്നു വരെ ആരോപണം; വിവാഹമോചനശേഷം കരിഷ്മയും സഞ്ജയും വീണ്ടും അടുക്കുന്നു?
മുംബൈ: ഗുരുതര ആരോപണങ്ങളുയര്‍ത്തിയാണ് സഞ്ജയ് കപൂറില്‍ നിന്നും നടി കരിഷ്മ കപൂര്‍ വിവാഹമോചനം നേടിയത്. വിവാഹ മോചനത്തിന് പിന്നാലെ സഞ്ജയ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും കരിഷ്മ പുതിയൊരു ജീവിതത്തിനായി ശ്രമിച്ചിരുന്നില്ല. മക്കള്‍ക്കായാണ് ഇനിയുള്ള ജീവിതം എന്നായിരുന്നു കരിഷ്മയുടെ നിലപാട്. ഇപ്പോഴിതാ, കരിഷ്മയും മുന്‍ ഭര്‍ത്താവ് സഞ്ജയും വീണ്ടും അടുക്കുകയാണോ എന്ന അഭ്യൂഹം ശക്തമാകുകയാണ്.
മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറിനൊപ്പം ഡിന്നര്‍ കഴിച്ച് മടങ്ങുന്ന കരിഷ്മയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്. 2003 ല്‍ ആയിരുന്നു സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാഹം നടന്നത്. 2016 ല്‍ ഇരുവരും വിവാഹമോചിതരായി. വിവാഹമോചനത്തിന് ശേഷം കരിഷ്മയും സഞ്ജയിയും പലതവണ കണ്ടുമുട്ടിയിരുന്നു. അടുത്തിടെയായി ഇരുവരും നല്ല സൗഹൃദത്തിലാണെന്നാണ് ഇവര്‍ വ്യക്തമാക്കിയിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 12ന് കരിഷ്മയുടെയും സഞ്ജയിയുടെയും മകന് കിയാന്റെ ജന്മദിന ആഘോഷത്തിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു.
സഞ്ജയ് ഇപ്പോഴത്തെ ഭാര്യ പ്രിയ സച്ച്ദേവയോടൊപ്പമായിരുന്നു ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ആ ബന്ധത്തില്‍ ഒരു മകനും സഞ്ജയ്ക്കുണ്ട്. മുന്‍പ് കോടതിയില്‍ വിവാഹമോചന സമയത്ത് അതീവ ഗുരുതര ആരോപണങ്ങളാണ് കരീഷ്മ മുന്‍ ഭര്‍ത്താവിനെതിരെ നിരത്തിയത്. അതിന് പിന്നാലെ വിവാഹമോചനവും ലഭിച്ചു. എന്നാല്‍, അതില്‍ നിന്നെല്ലാം പിന്നോക്കം പോയി പുതുതായി എന്താണ് ഇരുവര്‍ക്കും ഇടയില്‍ എന്നതാണ് ബോളിവുഡ് ഗോസിപ്പ് കേന്ദ്രങ്ങളിലെ സംസാരം.
അഭിഷേക് ബച്ചനുമായുള്ള വിവാഹത്തോളം അടുത്ത പ്രണയം തകര്‍ന്ന ശേഷമാണ് കരിഷ്മ കപൂര്‍ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവര്‍ക്കും ഇടയില്‍ പ്രശ്നം ആരംഭിച്ചു.
സഞ്ജയിയും അമ്മ റാണിയും തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്നും കരിഷ്മ ആരോപിച്ചിരുന്നു. സഞ്ജയുടെ ജീവിത രീതി ശരിയല്ല. മറ്റ് ചില സ്ത്രീകളുമായി സഞ്ജയ്ക്ക് ബന്ധമുണ്ട്. മകന്റെ ഏത് ബന്ധത്തിനും അമ്മ പിന്തുണയ്ക്കാറുണ്ടെന്നും ഒരു ഘട്ടത്തില്‍ കരീഷ്മ തുറന്നു പറഞ്ഞു. സഞ്ജയ് കപൂര്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും ഹണിമൂണ്‍ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണത്തിനും ആഢംബരത്തിനും വേണ്ടിയാണ് ഈ ആരോപണങ്ങള്‍ എന്നാണ് അന്ന് സഞ്ജയ് ഇതിനെതിരെ തിരിച്ചടിച്ചത്. എന്തായാലും ഇത്രയും വലിയ ആരോപണങ്ങള്‍ മറന്ന് വീണ്ടും ഇവര്‍ ഒന്നാകുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്.