സ്വന്തമായി ഒരു തൊഴിൽ എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടും നമ്മുടെ രാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയാണ് എന്നതിന് തെളിവാണ് ഈ സംഭവം. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ മഹാരാജ ഛത്രസൽ ബുന്ദേൽഖണ്ഡ് സർവകലാശാലയിലേക്ക് പ്യൂൺ തസ്തികയിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിലാണ് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും എം.ഫിൽ, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും വരെ അപേക്ഷ സമർപ്പിച്ചത്. 16 പ്യൂൺ തസ്തികകളിലായിരുന്നു ഒഴിവുകൾ രേഖപ്പെടുത്തിയിരുന്നത്. അതിലേക്ക് ലഭിച്ചതാകട്ടെ 1779 അപേക്ഷകളും. അപേക്ഷകരിൽ കൂടുതലും ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്സ് മാത്രാണ്. എന്നാൽ, അപേക്ഷകരിൽ 400 പേർ ബിരുദാനന്തര ബിരുദധാരികളും 800 പേർ ബിരുദധാരികളുമാണ്. കൂടാതെ അമ്പതോളം പേർ വിവിധ വിഷയങ്ങളിൽ എം.ഫിൽ, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും. മെയ് എട്ട് വരെയായിരുന്നു അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.
പ്രസ്തുത തസ്തികയിലേക്ക് ജൂൺ നാലിന് എഴുത്തുപരീക്ഷ നടത്തുമെന്ന് മഹാരാജ ഛത്രസൽ ബുന്ദേൽഖണ്ഡ് സർവകലാശാല രജിസ്ട്രാർ ഡോ. എസ്.ഡി. ചതുർവേദി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ പരീക്ഷകൾ നീതിപൂർവം നടത്തുന്നതിന് ഏഴംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലയിൽ രണ്ട് കേന്ദ്രങ്ങളിലാണ് പരീക്ഷ. എഴുത്തുപരീക്ഷയ്ക്കുശേഷം ഫലം പുറത്തുവരും. തികച്ചും സുതാര്യമായ രീതിയിലായിരിക്കും പരീക്ഷ നടത്തുകയെന്ന് എസ് ഡി ചതുർവേദി പറഞ്ഞു.
2021 -ൽ, കൊവിഡ് പ്രതിസന്ധി മൂലം നിരവധി പേർക്ക് സ്വകാര്യ ജോലി നഷ്ടപ്പെട്ടപ്പോൾ, ആയിരക്കണക്കിന് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും ജില്ലാ കോടതികളിൽ പ്യൂൺ ജോലിക്കായി അഭിമുഖത്തിന് എത്തിയിരുന്നു. ഗ്വാളിയോർ ജില്ലാ കോടതിയിൽ പ്യൂൺ, ഗാർഡ്നർ, ഡ്രൈവർ, സ്വീപ്പർ തുടങ്ങിയ 15 തസ്തികകളിലേക്ക് മാത്രം 11,000 പേർ അപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.