KeralaNEWS

ധനകോടി ചിട്ടിക്കമ്പനി പൂട്ടി, കോടികളുമായി ഉടമകൾ മുങ്ങി; നിക്ഷേപകർ പരാതിയുമായി നെട്ടോട്ടത്തിൽ

തലശ്ശേരിയിൽ നിക്ഷേപകരുടെ പണം നൽകാതെ ചിട്ടിക്കമ്പനി പൂട്ടി. തലശ്ശേരി ടി.സി. മുക്കിനു സമീപം റെയിൽവേ സ്റ്റേഷൻ റോഡിലെ എ.ആർ. കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന ധനകോടി ചിട്ടിക്കമ്പനിക്കെതിരേയാണ് പരാതി. പത്തിലേറെ നിക്ഷേപകരുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു. 75,000 രൂപ മുതൽ എട്ടുലക്ഷം രൂപവരെ നൽകാതെ തട്ടിപ്പ് നടത്തിയതായാണ് വിവരം. തുടക്കത്തിൽ കൃത്യമായി പണം തിരിച്ചുനൽകി വിശ്വാസ്യത നേടി. പിന്നീട് വഞ്ചിച്ചതായാണ് ആരോപണം. മാനേജർ ഉൾപ്പെടെ അഞ്ചുപേരാണ് തലശ്ശേരി ഓഫീസിലുണ്ടായിരുന്നത്.

2007-ൽ സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ധന കോടി ചിറ്റ്സ് എന്ന സ്ഥാപനത്തിനും 2018-ൽ പ്രവർത്തനം തുടങ്ങിയ ധന കോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 22 ബ്രാഞ്ചുകളാണുള്ളത്. 140 ജീവനക്കാരും. ധനകോടി കൂത്തുപറമ്പ് ശാഖയിൽ ചിട്ടിക്ക് ചേർന്നവർക്കും പണം ലഭിച്ചില്ലെന്ന് പരാതിയുണ്ട്. കിഴക്കേ പാലയാട്ടെ കെ. ദിവ്യയുടെ പരാതിയിൽ ചിട്ടിക്കമ്പനി എം.ഡി ഉൾപ്പെടെ ഒൻപത് പേർക്കെതിരേ പോലീസ് കേസെടുത്തു.

Signature-ad

വീട് നിർമിക്കാൻ സ്വരൂപിച്ച നാലുലക്ഷം രൂപ നഷ്ടമായെന്നാണ് ദിവ്യയുടെ പരാതി. യോഹന്നാൻ മറ്റത്തിൽ, സജി സെബാസ്റ്റ്യൻ, ജോർജ് മുതിരക്കാലിൽ, സാലി യോഹന്നാൻ മറ്റത്തിൽ, സോണി ജേക്കബ്, ജിൻസി, അശ്വതി നിധിൻ എന്നിവർക്കെതിരേയാണ് കേസ്.

ഇതിനിടെ ധന കോടി ചിട്ടിയുടെയും ധനകോടി നിധിയുടെയും ഓഫീസുകൾ പൂട്ടി ഉടമയും ഡയറക്ടർമാരും ഒളിവിലെന്ന് ജീവനക്കാർ പറഞ്ഞു.. 22 കോടി രൂപയുടെ ബാധ്യതയുണ്ട്. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ജീവനക്കാർ. ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി മുടങ്ങിയെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജീവനക്കാർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Back to top button
error: