ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ വീണ്ടും ജോലിക്ക് നിയമിച്ച് കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. കരാര്‍ നിയമനത്തില്‍ ജോലി ചെയ്യുകയായിരുന്ന നൂതന്‍ കുമാരിയെയാണ് വീണ്ടും ജോലിയില്‍ നിയമിക്കുമെന്ന് അറിയിച്ചത്.
സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് കരാര്‍ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രവീണിന്റെ ഭാര്യയെ മാത്രമല്ല, മറ്റ് 150 കരാര്‍ ജീവനക്കാരെയും ജോലിയില്‍നിന്നു മാറ്റിയതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സംഭവത്തില്‍ വന്‍ജനരോഷം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. മാനുഷിക പരിഗണന നല്‍കി നൂതന്‍ കുമാരിയെ വീണ്ടും നിയമിക്കുമെന്ന് സിദ്ധരാമയ്യ അറിയിക്കുകയായിരുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതന്‍ കുമാരിക്ക് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു.
2022 ജൂലൈ 26 നാണ് ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് ഉദയ്പുര്‍ സംഭവവുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ടായിരുന്നു. പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തി വിവാദം സൃഷ്ടിച്ച ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് അനുകൂലമായി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട കനയ്യലാലിനെ പിന്തുണച്ച് പ്രവീണ്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. പ്രവീണിന്റെ കുടുംബത്തിന് ബിജെപി 60 ലക്ഷം രൂപ ചെലവിട്ടു വീട് നിര്‍മിച്ചു നല്‍കിയിരുന്നു.