സൂര്യനെ നോക്കി, വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ എന്നും നമുക്കൊരു കൗതുകമാണ്. ഒരു പ്രദേശത്തെ മുഴുവൻ ഭംഗിയിലാക്കി, മഞ്ഞനിറത്തിൽ നിൽക്കുന്നതു കാണുക എന്നതുതന്നെ രസകരമായ കാഴ്ചയാണ്. ഇതിന്‍റെ ഭംഗി അറിയാവുന്നതുകൊണ്ടാണ് മലയാളികൾ ഗുണ്ടൽപ്പേട്ടിലേക്കും സുന്ദരപാണ്ഡ്യപുരത്തേയ്ക്കുമെല് ലാം സീസണയാൽ പോകുന്നതും.
എന്നാൽ ഈ സൂര്യകാന്തിപ്പാടം ഗുണ്ടൽപ്പേട്ടിലേക്കോ സുന്ദരപാണ്ഡ്യപുരത്തേയ്ക്കോ പോവുകയോ വേണ്ട എന്നുമാത്രമല്ല പൂക്കളുടെ സീസൺ ആകുന്ന വരെകാത്തിരിക്കുകയും വേണ്ട. പകരം പത്തനംതിട്ട വരെയൊന്നു ചെന്നാൽ മാത്രം മതി.അടൂരിൽ എംസി റോഡ് കടന്നു പോകുന്ന, ഏനാത്ത് എന്ന സ്ഥലത്താണ് സൂര്യകാന്തിപ്പൂക്കളുടെ ആരെയും ആകർഷിക്കുന്ന കാഴ്ചയുള്ളത്. ഒന്നര ഏക്കർ സ്ഥലത്താണ് ഇവിടെ സൂര്യകാന്തിപ്പാടം ഒരുക്കിയിരിക്കുന്നത്.
സാധാരണ ഓഗസ്റ്റ് മാസത്തോടു കൂടിയാണ് സൂര്യകാന്തിപ്പാടങ്ങൾ പൂവിടുന്നത്. എന്നാൽ ആ പതിവും തെറ്റിച്ച് മേയ് മാസത്തിൽ വന്നാൽ നിങ്ങൾക്ക് ഈ കാഴ്ച ഇവിടെ കാണാം.കൊല്ലം സ്വദേശികളായ അനിൽ കുമാർ, മനു എന്നിവരാണ് തങ്ങളുടെ കൃഷിയിടത്തിൽ മറ്റു ജൈവ കൃഷികൾക്കൊപ്പം സൂര്യകാന്തിയും പരീക്ഷിച്ചത്.എന്തായാലും പരീക്ഷണം പൂര്‍ണ്ണമായും വിജയത്തിലായതോടെ നിരവധി ആളുകളാണ് പൂപ്പാടം കാണുവാനായി ഇവിടേക്ക് വരുന്നത്.
സൂര്യകാന്തി ഒരു വരുമാനമാർഗ്ഗമെന്ന നിലയിൽ നട്ട്, അത് പൂവിട്ടപ്പോൾ ചെറിയ പ്രവേശനഫീസ് വാങ്ങി കൃഷി ലാഭകരമാക്കി മാറ്റിയ രീതിയാണ് ഇവരുടേത്. നിരവധി ആളുകള്‍ സമീപ ജില്ലകളിൽ നിന്നുപോലും ഇവിടെ സന്ദര്‍ശകരായെത്തുന്നുണ്ട്.
കൂടാതെ, ഫോട്ടോഷൂട്ടുകൾ, ആൽബങ്ങളുടെ ചിത്രീകരണങ്ങൾ, വിവാഹ ഷൂട്ടുകൾ തുടങ്ങിയവയ്ക്കും ഇവിടം വേദിയായി മാറിയിരുന്നു. ഫെബ്രുവരിയിൽ വിത്തുപാകിയതാണിവിടെ.മേയ് ആദ്യ വാരത്തോടെ പൂക്കൾ വിരിഞ്ഞു.