BusinessTRENDING

മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻ; മുഴുവൻ പണവും മടക്കി നൽകും

ദില്ലി: മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻ. നേരത്തെ മെയ് 26നകം വിമാനങ്ങൾ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രവർത്തനപരമായ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാകുകയായിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു.

രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ. ഗോ ഫസ്റ്റ് മെയ് 3-ന് സ്വമേധയാ പാപ്പരത്വ നടപടികൾക്കായി ഫയൽ ചെയ്തു. ആവർത്തിച്ചുള്ള പ്രശ്‌നങ്ങളും പ്രാറ്റ് & വിറ്റ്‌നി എൻജിനുകളിൽ നിന്നുള്ള എഞ്ചിനുകൾ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടതായി വന്നു. ഗോ ഫസ്റ്റ് മാർച്ച് 31 വരെ 30 വിമാനങ്ങൾ നിലത്തിറക്കിയിട്ടുണ്ട്, ജെറ്റ് എയർവേസി’നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’. മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള സമയത്ത് ‘ഗോ ഫസ്റ്റ്’ പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു.

Signature-ad

മെയ് മാസത്തിൽ ഗോ ഫസ്റ്റ് സമർപ്പിച്ച ഷെഡ്യൂൾ പ്രകാരം ദില്ലിയിൽ നിന്ന് ശ്രീനഗറിലേക്ക് 199 വിമാനങ്ങളും ദില്ലി-ലേ റൂട്ടിൽ 182 വിമാനങ്ങളും മുംബൈയിൽ നിന്ന് ഗോവയിലേക്ക് 156 വിമാനങ്ങളും സർവീസ് നടത്തേണ്ടതായിരുന്നു. ദില്ലി-ശ്രീനഗർ, മുംബൈ-ഗോവ റൂട്ടുകളിലെ 30 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളിൽ ആറെണ്ണവും, 52 പ്രതിദിന ദില്ലി-മുംബൈ ഫ്ലൈറ്റുകളിൽ ആറെണ്ണവും, 13 ഡൽഹി-ലേ ഫ്ലൈറ്റുകളിൽ അഞ്ചെണ്ണവും, ദില്ലിയിലെ 10 ഫ്ലൈറ്റുകളിൽ മൂന്നെണ്ണവും ഗോ ഫസ്റ്റ് എയർലൈൻസിന്റെയാണ്.

Back to top button
error: