കോട്ടയം: സപ്ളൈകോ വഴി നെല്ലു സംഭരിച്ച വകയിൽ കർഷകർക്കു സർക്കാരിൽ നിന്നു നൽകാനുള്ള തുകയിൽ 40.78 കോടി രൂപ ഇതിനകം വിതരണം ചെയ്തു. ബാക്കിത്തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തെ ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ എം.എസ്. ജോൺസൺ അറിയിച്ചു.
2022-2023 വർഷം രണ്ടാം കൃഷി സീസണിൽ നെല്ലു സംഭരിച്ച വകയിൽ 131.19 കോടി രൂപയാണ് ജില്ലയിലെ കർഷകർക്കു നൽകാനുണ്ടായിരുന്നത്. ഇതിൽ മാർച്ച് 31 വരെ 31.78 കോടി രൂപ കർഷകർക്കു നൽകി. ബാക്കി തുകയിൽ 9.00 കോടി രൂപ കഴിഞ്ഞദിവസങ്ങളിലായി കനറാ ബാങ്ക് വഴി വിതരണം ചെയ്തതതോടെ 40.78 കോടി രൂപ വിതരണം ചെയ്യാനായി. ബാക്കി 90.41 കോടി രൂപ തിങ്കളാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും പാഡി ഓഫീസർ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു.
എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കനറാ ബാങ്ക് എന്നീ ബാങ്കുകളുടെ കൺസോർഷ്യമാണ് കർഷകർക്കുള്ള തുക വിതരണം ചെയ്യുന്നത്. പി.ആർ.എസ്.( പാഡി റെസീപ്റ്റ് സ്റ്റേറ്റ്മെന്റ്) ബന്ധപ്പെട്ട ബാങ്ക് ശാഖകളിൽ ഹാജരാക്കുന്ന മുറയ്ക്കു ബാങ്കുകളിൽ നിന്നു പണം ലഭ്യമാകുമെന്നും പാഡി ഓഫീസർ അറിയിച്ചു. 12502 ഹെക്ടറിൽ നിന്നായിരുന്നു രണ്ടാം സീസണിലെ നെല്ലുസംഭരണം. 12362 കർഷകരിൽനിന്നായി 46,326 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്.
മൈനർ ഇറിഗേഷനു കീഴിലുള്ള ചെക് ഡാമുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കുന്നതിനും വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് വിപ് ഡോ: എൻ. ജയരാജ് യോഗത്തിൽ ആവശ്യപ്പെട്ടു. മഴക്കാല പൂർവ ശുചീകരണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ ദേശീയപാത അടക്കമുള്ള റോഡുകളുമായി ബന്ധപ്പെട്ട് അടിയന്തരമായി പൂർത്തിയാക്കണമെന്ന് ചീഫ് വിപ്പ് ആവശ്യപ്പെട്ടു.
ജില്ലാ വികസന സമിതി യോഗത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഡി.ആർ.എമ്മിന് കത്തു നൽകാൻ എം.പി. ജില്ലാ വികസന സമിതി യോഗത്തിന് നിർദേശം നൽകി. എറണാകുളത്ത് ആരംഭിച്ചതു പോലെ കോട്ടയം – കുമരകം – ആലപ്പുഴ റൂട്ടുകളെ ബന്ധിപ്പിച്ച് വാട്ടർ മെട്രോ നടപ്പാക്കാനുള്ള നിർദേശം ജില്ലാ വികസന സമിതി മുന്നോട്ടു വയ്ക്കണമെന്നും ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് വാട്ടർ മെട്രോ മുതൽക്കൂട്ടാകുമെന്നും എം.പി. പറഞ്ഞു. സ്‌കൂൾ തുറക്കും മുമ്പ് എം.സി. റോഡ് അടക്കമുള്ള റോഡുകളിൽ സീബ്ര ലൈൻ വരയ്ക്കണമെന്നും നടപ്പാതയുടെ അറ്റകുറ്റ പണികൾ നടത്തണമെന്നും ജോബ് മൈക്കിൾ എം.എൽ.എ. പൊതുമരാമത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടു.
സർക്കാർ കെട്ടിടങ്ങളിൽ ഓഫീസ് സൗകര്യം ലഭ്യമാക്കിയിട്ടും വാടകക്കെട്ടിടങ്ങളിൽ തന്നെ തുടരുന്ന ഓഫീസുകൾ അനുവദിക്കപ്പെട്ട ഓഫീസുകളിലേക്ക് ഉടനടി മാറണമെന്നും അല്ലാത്ത പക്ഷമുള്ള സാമ്പത്തിക ബാധ്യത ഓഫീസ് മേധാവിമാർക്ക് ആയിരിക്കുമെന്നും ജില്ലാ കളക്ടർ പി.കെ. ജയശ്രീ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി ജയ്സൺ മാന്തോട്ടം, എ.ഡി.എം. റെജി പി. ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുതിയ ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിൽ ചേർന്ന ആദ്യ ജില്ലാ വികസന സമിതി യോഗമായിരുന്നു ഇന്ന് നടന്നത്.