ജോർജ്‌ടൗണിൽ 14 വയസ്സുകാരി സ്കൂൾ ഡോർമിറ്ററിക്ക് തീ ഇട്ടു. ഡോർമിറ്ററിക്കുള്ളിലുണ്ടായിരുന്ന കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു. അധ്യാപികയും ഡോർമിറ്ററി മദറും ചേർന്ന് ഫോൺ പിടിച്ചെടുത്ത ദേഷ്യത്തിലാണ് 14 കാരിയായ വിദ്യാർത്ഥിനി ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്തത്. ജോർജ്‌ടൗണിൽ നിന്ന് 200 മൈൽ അകലെയുള്ള സെൻട്രൽ ഗയാന മൈനിംഗ് ടൗണിലെ മഹദിയ സെക്കൻഡറി സ്‌കൂളിലെ വനിതാ ഡോർമിറ്ററിയിലാണ് തീപിടിത്തമുണ്ടായത്. ഡോർമിറ്ററിയുടെ വാതിലുകൾ പൂട്ടിയിരുന്നതിനാൽ അപകടത്തിൽ പെട്ട കുട്ടികൾക്ക് രക്ഷപെടാനായില്ല എന്നാണ് അധികൃതർ നൽകുന്ന വിവരം.
പ്രായമായ ഒരു വ്യക്തിയുമായി അക്രമം നടത്തിയ പെൺകുട്ടിയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്നായിരുന്നു സ്കൂൾ അധികൃതർ ഫോൺ പിടിച്ചെടുത്തത്. ഇതിൽ പ്രകോപിതയായാണ് വിദ്യാർത്ഥിനി ഇത്തരത്തിലൊരു അതിക്രമം നടത്തിയതെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെറാൾഡ് ഗൗവിയ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്. അപകടത്തിൽ ഈ വിദ്യാർത്ഥിനിയ്ക്കും പരിക്കേറ്റിരുന്നു. ഈ ആഴ്ചതന്നെ ഇവരെ ആശുപത്രിയിൽ നിന്നും ജുവനൈൽ തടങ്കലിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോർമിറ്ററിയുടെ വാതിലുകൾ പുറത്ത് നിന്നും പൂട്ടിയിരുന്നതും ഗ്രിൽ ജനാലകളിലൂടെ അകത്ത് ഉണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ സാധിക്കാതെ വന്നതുമാണ്. അപകടത്തിന്റെ വ്യാപ്തി ഇത്രമേൽ വർദ്ധിപ്പിച്ചത്.
അപകടം നടക്കുന്ന സമയത്ത് ഡോർമിറ്ററിയുടെ മേൽനോട്ടം വഹിച്ചിരുന്ന യുവതി ഉറങ്ങുകയായിരുന്നു. തീയും പുകയും ഉയർന്നപ്പോഴാണ് ഇവർ ഞെട്ടി ഉണർന്നത്. പക്ഷെ, അപ്പോഴേക്കും വാതിൽ തുറന്ന് കുട്ടികളെ രക്ഷിക്കാനാകാത്തവിധം തീ വ്യാപിച്ചിരുന്നു. കുട്ടികൾ രാത്രിസമയത്ത് അനുവാദമില്ലാതെ പതിവായി ഡോർമിറ്ററിക്കുള്ളിൽ നിന്നും പുറത്ത് പോകാൻ തുടങ്ങിയതോടെയാണ് അവരുടെ സുരക്ഷയെ കരുതി വാതിൽ പുറത്ത് നിന്നും പൂട്ടിത്തുടങ്ങിയത് എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ബ്രസീലിന്റെ അതിർത്തിക്കടുത്തുള്ള ഖനന നഗരമായ മഹ്ദിയയ്ക്ക് സമീപത്ത് നിന്നുള്ള തദ്ദേശീയരായ പെൺകുട്ടികളാണ് ഇരകളിൽ ഭൂരിഭാഗവും. ഇരകളിൽ 13 പേരുടെ അവശിഷ്ടങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.