മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകം ഹണിട്രാപ്പ് എന്ന സംശയം തുടക്കം മുതലേ സജീവമെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ റോളുകളില്‍ കാര്യമായ മാറ്റമുണ്ട്. സിദ്ദിഖ് ജോലിയില്‍നിന്ന് പുറത്താക്കിയ മുഹമ്മദ് ഷിബിലിയുടെ പ്രതികാരം എന്ന നിലയിലാണ് ആദ്യം സംശയങ്ങളുയര്‍ന്നതെങ്കില്‍, ചിത്രം കൂടുതല്‍ വ്യക്തമാകുമ്പോള്‍ കേസിന്റെ ആണിക്കല്ലായിട്ടുള്ളത് പതിനെട്ടു വയസുകാരിയായ ഫര്‍ഹാനയാണ്.
സിദ്ദിഖും ഫര്‍ഹാനയും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് വ്യക്തമാക്കുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയ സംഭവങ്ങളും അടിവരയിടുന്നത് ഇതു തന്നെ. സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫര്‍ഹാനയെ നേരത്തെ അറിയാം.
പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷിബിലി (22), കാമുകി ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടില്‍ ഖദീജത്ത് ഫര്‍ഹാന (19), ഫര്‍ഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് (ചിക്കു 23) എന്നിവരാണ് കേസില്‍ നിലവിലെ പ്രതികള്‍. ഷിബിലി, സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിക്കാരനായിരുന്നു. ഫര്‍ഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദിഖ്, ഷിബിലിക്ക് ജോലി നല്‍കിയത്. സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തതും ഫര്‍ഹാന പറഞ്ഞിട്ടു തന്നെ.
പ്രതികള്‍ മൂന്നുപേരും ഒരുമിച്ചാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് ‘ഡി കാസ’ ഹോട്ടലില്‍ റൂമെടുത്തത്. 18 ാം തീയതി ഷൊര്‍ണൂരില്‍ നിന്നാണ് ഫര്‍ഹാന കോഴിക്കോട്ടേയ്ക്ക് എത്തുന്നത്. പിന്നാലെ ചിക്കുവും. രണ്ടു പേരും ട്രെയിനിലാണ് വന്നത്. ഹോട്ടലിലെ ജോലിയില്‍നിന്ന് സിദ്ദിഖ് അന്ന് ഉച്ചയ്ക്ക് പറഞ്ഞുവിട്ട ഷിബിലി കോഴിക്കോട്ടുണ്ടായിരുന്നു.
സംഭവം നടക്കുമ്പോള്‍ മൂന്നുപേരും ഈ ഹോട്ടലിലുണ്ടായിരുന്നു. ഹോട്ടല്‍ മുറിയില്‍ സിദ്ദിഖും ഫര്‍ഹാനയും സംസാരിക്കുമ്പോള്‍ അവിടേക്കെത്തിയ ആഷിക്കും ഷിബിലിയും ബലം പ്രയോഗിച്ച് സിദ്ദിഖിന്റെ നഗ്‌ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ പണത്തിന്റെ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി. ഇതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമായി. ബലപ്രയോഗത്തിനിടെ സിദ്ദിഖ് താഴെവീണു.
ഫര്‍ഹാന നല്‍കിയ ചുറ്റികയുമായി ഷിബിലി സിദ്ദിഖിനെ ആക്രമിച്ചു. തലയ്ക്കാണ് അടിച്ചത്. കൂടെയുണ്ടായിരുന്ന ആഷിഖ് സിദ്ദിഖിന്റെ നെഞ്ചില്‍ പലതവണ ചവിട്ടി. ഈ ചവിട്ടില്‍ സിദ്ദിഖിന്റെ വാരിയെല്ല് ഒടിഞ്ഞു. തുടര്‍ന്ന് മൂന്നു പേരും ചേര്‍ന്ന് ഇയാളെ കൂട്ടത്തോടെ ആക്രമിച്ചു. കടുത്ത ആക്രമണത്തിനൊടുവില്‍ സിദ്ദിഖ് മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാക്കുന്നത്. ഷിബിലിയുടെ കൈവശം ഒരു കത്തിയുമുണ്ടായിരുന്നു. ഇതുവച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂവര്‍ സംഘം എല്ലാവിധ ആസൂത്രണത്തോടെയുമാണ് എത്തിയത്.
ആക്രമണത്തിനൊടുവില്‍ സിദ്ദിഖ് മരിച്ചതോടെ ഇവര്‍ മാനാഞ്ചിറയില്‍ പോയി ട്രോളി ബാഗ് വാങ്ങി. ഒരു ട്രോളി ബാഗില്‍ മൃതദേഹം കയറില്ലെന്ന് മനസ്സിലായപ്പോള്‍ പിറ്റേന്ന് ഒരു ഇലക്ട്രിക് കട്ടര്‍ വാങ്ങി. അതും കോഴിക്കോട്ടു നിന്നാണ് വാങ്ങിയത്. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കാന്‍ തീരുമാനിച്ചു. അതിനായി മുന്‍പു വാങ്ങിയ കടയില്‍നിന്നു തന്നെ ഒരു ട്രോളി ബാഗു കൂടി വാങ്ങി. കൊലപ്പെടുത്തിയ ജി 4 റൂമിന്റെ ബാത്ത്‌റൂമില്‍ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്.
അതിനു ശേഷം രണ്ട് ട്രോളി ബാഗുകളിലാക്കി മൃതദേഹം കയറ്റി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചു. ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ളവ മറ്റൊരിടത്ത് വലിച്ചെറിഞ്ഞു. സിദ്ദിഖിന്റെ കാറും വഴിയില്‍ ഉപേക്ഷിച്ചു.