FictionNEWS

‘മേടി’ക്കൽ സെന്ററുകൾ

കുറച്ചു നാളായിട്ട് തുടങ്ങിയതാണ്- നെഞ്ചിനകത്തൊരു എരിച്ചിലും പുകച്ചിലും.ഗ്യാസിന്റെയാണോ അതോ ഇനി മറ്റെന്തെങ്കിലിന്റെയുമാണോ എന്നൊന്നും എനിക്കുതന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.ആകപ്പാടെ മൊത്തത്തിൽ ഒരു വല്ലായ്മ ഉണ്ടെന്നതു മാത്രം എനിക്കറിയാം.

 ഇല്ലായ്മക്കാരനാണെങ്കിലും വല്ലായ്മ വന്നാൽപ്പിന്നെ ഡോക്ടറെ കണ്ടെല്ലാ പറ്റുകയുള്ളോ.. അങ്ങനെയാണ് ഞാൻ ഡോക്ടറെ കാണാനായി ഇറങ്ങിയത്-നഗരത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിലേക്ക് തന്നെ.

ചീട്ടെല്ലാമെടുത്ത് മുറപ്രകാരം മണിക്കൂറുകൾ വെയ്റ്റു ചെയ്ത്  ഡോക്ടറുടെ മുറിയിലേക്ക്  കയറിയതും എന്നെ കാത്തിരുന്നതുപോലെ അദ്ദേഹം ഒരു കുറിപ്പടിയെടുത്ത് എന്റെ നേരെ  നീട്ടുകയും ചെയ്തു.

എക്സ്റേ, ഇസിജി, ബ്ലഡ് ടെസ്റ്റ്…!

അതോടെ എന്റെ വല്ലായ്മകൾ ഇരട്ടിയായി.അച്ഛനും മുത്തച്ഛനും പോയത് നിന്ന നിൽപ്പിലായിരുന്നു.അറ്റായ്ക്കാണോ-എന്നൊന്ന് ചോദിക്കാനുള്ള അവസരം പോലും തരാതെ..

 ഒട്ടൊരു ഭയത്തോടെ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം തന്നെ എല്ലാ ടെസ്റ്റുകളും നടത്തി ഒടുവിൽ വിറയാർന്ന കൈകളോടെ അതിന്റെ റിപ്പോർട്ടും കൈപ്പറ്റി ഞാൻ തിരികെ വന്നപ്പോഴേക്കും ഡോക്ടർ ഒ.പിയിൽ നിന്നും പോയിക്കഴിഞ്ഞിരുന്നു.ഇനിയെന്തു ചെയ്യണമെന്നു നിശ്ചയമില്ലാതെ അങ്ങനെ തരിച്ചുനിൽക്കുമ്പോൾ ‘നാളെ വന്നാൽ മതിയെന്ന്’ അത്ര മയമില്ലാത്ത സ്വരത്തിൽ ഒരു മാലാഖ!

 ചുമ്മാതല്ലല്ലോ ഇവറ്റകൾ ഇപ്പോഴും ഈങ്ക്വിലാബും വിളിച്ചുകൊണ്ട് തെരുവിൽ തന്നെ കഴിയുന്നത്!

പിറ്റേന്ന് വീണ്ടും ഇരുന്നൂറ് കൊടുക്കേണ്ടി വന്നു ഡോക്ടറെ കാണുന്നതിന്.അപ്പോൾ ഇന്നലത്തെ ഇരുന്നൂറോ-എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും തർക്കിച്ചു സമയം കളയാനുള്ള സാഹചര്യം അല്ലാതിരുന്നതിനാൽ ഞാൻ വേഗം ഡോക്ടറുടെ റൂമിന്റെ നേർക്ക് നടന്നു.അവിടെ ചെന്നപ്പോൾ ബിവറേജസിന്റെ മുന്നിലേക്കാൾ വലിയ ഇടി! ഇന്നുതന്നെ ഡോക്ടറെ കാണാൻ പറ്റിയില്ലെങ്കിൽ നാളെ വീണ്ടും ഇരുന്നൂറ് കൊടുക്കേണ്ടി വരുമല്ലോന്നോർത്തപ്പോൾ ഞാൻ അറിയാതെതന്നെ ദൈവത്തെ വിളിച്ചു പോയി-അതുവരെ ജീവിച്ചിരിക്കുമോന്ന് അറിയില്ലെങ്കിൽപ്പോലും!

ദൈവം പക്ഷെ  പെട്ടെന്നുതന്നെ എന്റെ ആ വിളി കേട്ടു; തലേന്നത്തെ ആ മാലാഖയുടെ രൂപത്തിൽ..

പാവം! ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചുപോയി.അല്ലെങ്കിൽതന്നെ ഒരു ദിവസം എത്ര പേരുടെ തെറിയും പ്രാക്കുമാണ് അവർക്കു കേൾക്കേണ്ടി വരുന്നത് !!

“കുറച്ചു പ്രശ്നമാണ് കേട്ടോ…”

ഞാൻ കൊടുത്ത റിസൽറ്റുകളിലൂടെ കണ്ണോടിക്കുന്നതിനിടയിൽ ഡോക്ടർ മുഖമുയർത്താതെ തന്നെ പറഞ്ഞു:

“സ്കാൻ ഒരെണ്ണം എടുക്കണം…”

 ചാകുമെന്ന് ഉറപ്പാണെങ്കിൽപ്പിന്നെ സ്കാനെടുത്ത് വെറുതെ കാശുകളയണമോന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്.പക്ഷെ നാവു പൊന്തിയില്ല.പോരാത്തതിന് അടുത്തുതന്നെ ആ മാലാഖയും നിൽപ്പുണ്ടായിരുന്നു.അല്ലെങ്കിൽതന്നെ ആർക്കാണ് ജീവനിൽ കൊതിയില്ലാത്തത്?!

“സ്കാൻ ചെയ്തുവന്നാൽ ഇന്നുതന്നെ കാണിക്കാൻ പറ്റുമോ ഡോക്ടറെ?”

“അതിന്റെ റിപ്പോർട്ട് കിട്ടാൻ വൈകും.അതുമായി നാളെ വന്നാലും മതി”

അപ്പോൾ ഇരുന്നൂറ് വീണ്ടും സ്വാഹ!ഇനി സ്കാനിങ്ങിന് എത്രയാണാവോ..!

പിറ്റേന്ന്..

സ്കാനിങ് ഫിലിമുകളോടൊപ്പം അതിന്റെ റിപ്പോർട്ടും ഡോക്ടറുടെ കൈയിലേക്ക് കൊടുത്തിട്ട് അന്ത്യവിധി കേൾക്കുന്നവനെപ്പോലെ ഞാൻ മുഖം കുനിച്ചിരുന്നു.

“പറഞ്ഞോളൂ ഡോക്ടർ..എനിക്കൊരു പേടിയുമില്ല..ധൈര്യമായി പറഞ്ഞോളൂ.. ഞങ്ങളുടെ കുടുംബത്തിന് ഇതെല്ലാം പാരമ്പര്യമായി അവകാശപ്പെട്ടതാണ്..”

“ഇപ്പോൾ നിങ്ങൾക്കെങ്ങനെയുണ്ട്?”

എന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഡോക്ടറുടെ ആ ചോദ്യം.ശരിക്കും അപ്പോഴാണ് ഞാനതു ഓർത്തതുതന്നെ.എപ്പോഴാണ് എന്റെ അസ്വസ്ഥകളെല്ലാം മാറിയത്? ഒരു പിടിയുമില്ല!

“ഏതായാലും ഇത്രയുമായില്ലേ?ആഞ്ചിയോ കൂടി ഒന്നു  നോക്കിയേക്കാം..”

“അതുവേണോ ഡോക്ടർ..? എനിക്കിപ്പോൾ പറയത്തക്ക…”

“അതു താനാണോ തീരുമാനിക്കുന്നത്..? ഏതായാലും രണ്ടു ദിവസം ഇവിടെ കിടക്കേണ്ടി വരും.”

 പറഞ്ഞിട്ട് ഫയലും റിപ്പോർട്ടുകളുഠ എന്റെ കൈയ്യിൽ തരാതെ ഡോക്ടർ ആ മാലാഖയുടെ കൈയ്യിൽ  കൊടുത്തപ്പോൾ പിന്നെ  അവരു പോകുന്നിടത്തൊക്കെയുഠ പിന്നാലെ നടക്കുകയേ എനിക്കു നിവൃത്തിയുണ്ടായിരുന്നുള്ളൂ.

അങ്ങനെ  ഞാൻ അവിടെ അഡ്മിറ്റാകുകയും ആഞ്ചിയോയ്ക്ക് വിധേയമാകുകയും ചെയ്തു. അതിനുശേഷം പിന്നെയും രണ്ടു ദിവസംകൂടി കഴിഞ്ഞാണ്   ആഞ്ചിയോടെ റിപ്പോർട്ടുമായി  എന്നെ അഡ്മിറ്റാക്കിയിരിക്കുന്ന  റൂമിലേക്ക് ഡോക്ടർ വന്നത്.

ഡോക്ടറെ കണ്ടിട്ടും ഞാൻ എഴുന്നേറ്റില്ല;കാണാത്ത ഭാവത്തിൽ ബെഡ്ഡിൽ കിടന്നതേയുള്ളൂ.എന്തായാലും സഹിച്ചല്ലേ പറ്റൂ.. അല്ലെങ്കിൽ തന്നെ ഇനിയിപ്പോൾ പേടിച്ചിട്ടെന്താ കാര്യം!

പാരമ്പര്യമാണല്ലോ…പാരമ്പര്യം!

“പേടിക്കാനൊന്നുമില്ല കേട്ടോ..”

ഫയലിൽക്കൂടി കണ്ണോടിച്ചുകൊണ്ടുള്ള ഡോക്ടറുടെ പറച്ചിൽ കേട്ട് ഞാൻ ഒരു നടുക്കത്തോടെ ചാടിയെഴുന്നേറ്റു.

“എന്താ ഡോക്ടറെ പറഞ്ഞേ..”

“തനിക്ക് ഒന്നുമില്ലെന്ന്…! വേണമെങ്കിൽ  ഇപ്പോൾതന്നെ ഡിസ്ചാർജ് വാങ്ങി പോകാമെന്ന് !!”

“വേണ്ട ഡോക്ടറെ.. ഒരു രണ്ടു ദിവസം കൂടി ഇവിടെ കിടന്നാലും കുഴപ്പമില്ല.”

“എന്തിനാടോ ഒന്നുമില്ലാതെ..”

“ആരു പറഞ്ഞു ഡോക്ടറെ എനിക്കൊന്നുമില്ലെന്ന്..?!”

ഞാൻപോലും അറിയാതെയാണ് എന്റെ ശബ്ദം ഉയർന്നത്:

“എനിക്കിപ്പൊഴും മൂന്നു സെന്റ് ഭൂമിയും ഒരു വീടും ബാക്കിയുണ്ട് ..!!!”

Back to top button
error: