തൊലിയിലും രഹസ്യ ഭാഗങ്ങളിലും ഫംഗസ് മൂലമുണ്ടാകുന്ന ചൊറിച്ചിൽ, പാടുകൾ, വരണ്ട ചർമ്മം, എന്നിവ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ ?
സ്വകാര്യഭാഗങ്ങളിൽ ചർമരോഗങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ ഭാഗങ്ങളിലെ ചർമരോഗങ്ങളെ ലജ്ജാവഹമായാണ് പലരും കാണുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിലുള്ള പിഴവുകളും അബദ്ധധാരണകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ ഇതിന് കാരണമാണ്. ഫലമോ, ഇത്തരം പല ചർമരോഗങ്ങളും സങ്കീർണമായിത്തീരുന്നു.
സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന എല്ലാ ചർമരോഗങ്ങളും ലൈംഗികരോഗങ്ങളല്ല. ഫംഗസ് ബാധ (പുഴുക്കടി), യീസ്റ്റ് ഇൻഫെക്ഷൻ, വ്രണങ്ങൾ, ലൈംഗിക സാംക്രമിക രോഗങ്ങൾ, അലർജിരോഗങ്ങൾ തുടങ്ങി ഒട്ടനവധി ചർമരോഗങ്ങൾ സ്വകാര്യശരീരഭാഗങ്ങളെ ബാധിക്കാം. മേൽപ്പറഞ്ഞ ഒട്ടുമിക്ക രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. പക്ഷേ, പുറത്ത് പറയാനുള്ള മടി കാരണം പലരും ചികിത്സിക്കാതിരിക്കാറുണ്ട്. ആരുമറിയാതിരിക്കാൻ അശാസ്ത്രീയവും അപകടകരവുമായ ചികിത്സാവിധികൾ തേടുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്ത് കുഴപ്പത്തിലാകുന്നവരും ഉണ്ട്. ഈ അവസ്ഥ മാറണമെങ്കിൽ തുറന്ന ചർച്ചകളും സാമൂഹികബോധവത്കരണവും അനിവാര്യമാണ്.
രോഗബാധിതരുമായി അടുത്തിടപഴകുമ്പോഴോ, സോപ്പ്, ടവൽ തുടങ്ങിയവ കൈമാറി ഉപയോഗിക്കുമ്പോഴോ ഫംഗസ് അണുബാധ പകരാം. അഹസനീയമായ ചൊറിച്ചിൽ മൂലം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും ഫംഗസ് വ്യാപിക്കാറുണ്ട്.
ജനനേന്ദ്രിയഭാഗങ്ങളിൽ യീസ്റ്റ് അണുക്കൾ സാധാരണമായി കാണപ്പെടാറുണ്ട്. രോഗപ്രതിരോധശേഷി വളരെയധികം കുറയുമ്പോഴാണ് യീസ്റ്റ് ഇൻഫെക്ഷൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുക. പ്രമേഹമുള്ളപ്പോൾ, സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുമ്പോൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഇത് സംഭവിക്കാം
രാസപദാർഥങ്ങളോടുള്ള അലർജി, അമിതമായ സോപ്പുപയോഗം, വിരശല്യം, ഹോർമോണുകളുടെ അളവുകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ എന്നിവയും ചർമരോഗങ്ങൾക്ക് കാരണമാകാറുണ്ട്.
ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചിൽ, എരിച്ചിൽ, വേദന, ചുവപ്പുനിറം, തിണർത്തപാടുകൾ, കുമിളകൾ, കുരുക്കൾ, തടിപ്പുകൾ, വ്രണങ്ങൾ, വളർച്ചകൾ, മൂത്രമൊഴിക്കുമ്പോൾ വേദന, യോനിയിൽനിന്നുള്ള അസാധാരണമായ രക്തസ്രാവം, യോനിയിൽ/ലിംഗത്തിൽ നിന്ന് നിറവ്യത്യാസമുള്ള സ്രവം, കഴലവീക്കം, പനി തുടങ്ങിയ ലക്ഷണങ്ങൾ ആണ് സാധാരണമായി കാണാറുള്ളത്.
ഫംഗസ് ബാധയ്ക്കെതിരായ ചികിത്സയിൽ മുഖ്യഘടകം വ്യക്തിശുചിത്വമാണ്. അതോടൊപ്പം ഡോക്ടറുടെ നിർദേശപ്രകാരമുള്ള ആന്റിഫംഗൽ ക്രീമുകൾ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം പൂർണമായി ഭേദമാക്കാം. ദിവസം ചുരുങ്ങിയത് രണ്ടുപ്രാവശ്യമെങ്കിലും മരുന്നുകൾ പുരട്ടുക. പാടുകളുടെ രണ്ട് സെന്റീമീറ്റർ ചുറ്റളവിലാണ് മരുന്ന് പുരട്ടേണ്ടത്. പാടുകൾ പൂർണമായി മങ്ങിയാലും രണ്ടാഴ്ചകൂടിയെങ്കിലും മരുന്ന് പുരട്ടുന്നത് തുടരണം. രോഗത്തിന്റെ വ്യാപ്തിയും തീവ്രതയും അധികമെങ്കിൽ ചിലപ്പോൾ ആന്റി ഫംഗൽ ഗുളികകൾ കഴിക്കേണ്ടിവരും.