‘അറുപതു വയതനിലെ’… ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹം ചര്‍ച്ചയാക്കി ആദ്യഭാര്യയുടെ കുറിപ്പുകള്‍
നടന് ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ച. അറുപതുകാരനായ ആശിഷ് വിദ്യാര്‍ഥി അന്‍പതുകാരിയായ റുപാലി ബറുവയെയാണ് വിവാഹം ചെയ്തത്. രണ്ടാം വിവാഹശേഷം ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യഭാര്യയായ രജോഷി ബറുവയുടെ ചില പോസ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്. രജോഷി മുന്‍ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ തൃപ്തയല്ല എന്നാണ് അവരുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി രണ്ട് കുറിപ്പുകളാണ് രജോഷി പോസ്റ്റ് ചെയ്തത്. ഇതിലൊന്നില്‍ എഴുതിയിരിക്കുന്നത് മനസ്സിനേറ്റ മുറിവിനെക്കുറിച്ചാണ്. ”ജീവിതത്തിലെ ശരിയായ ആള്‍, നിങ്ങള്‍ അവര്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തില്‍ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യില്ല. അത് ഓര്‍ക്കുക.”
ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തും സജീവം. ആശിഷ് വിദ്യാര്‍ഥി ആന്‍ഡ് അസ്സോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടവരില്‍ ഒരാളാണ് രജോഷി. ഇവരുടെ ഏകമകന്‍ അര്‍ത്ത് അമേരിക്കയില്‍ പഠിക്കുകയാണ്.
ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാര്‍ഥി. 1995-ല്‍ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടി. സിഐഡി മൂസയിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികളുടെ ഇടയിലും ശ്രദ്ധേയനായി. ആശിഷ് വിദ്യാര്‍ഥിയുടെ പിതാവ് തലശേരി സ്വദേശിയും അമ്മ ബംഗാളിയുമാണ്.