CrimeNEWS

പോലീസ് ജീപ്പില്‍ മോഷ്ടിച്ച ടിപ്പറിടിപ്പിച്ച് ആക്രമണം; വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

കാസര്‍ഗോട്: പോലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനു ശേഷം രക്ഷപ്പെട്ട ടിപ്പര്‍ ലോറി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കരിന്തളം പഞ്ചായത്തിലെ കാലിച്ചാമരം റോഡരികിലാണ് മോഷ്ടാവ് വാഹനം ഉപേക്ഷിച്ചത്. ചീമേനി പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയാണ് ചീമേനി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ടിപ്പര്‍ ലോറി ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടന്നത്.

വടകരയില്‍ നിന്ന് മോഷ്ടിച്ച ലോറി ചീമേനിയിലെത്തിയ വിവരമറിഞ്ഞ് എത്തിയതായിരുന്നു പോലീസുകാര്‍. സ്റ്റേഷനിലെ എസ്‌ഐ: രാമചന്ദ്രനും സംഘവും കോര്‍പ്പറേഷന്‍ ഓഫീസിന് സമീപം വാഹന പരിശോധന നടത്തി വരികയായിരുന്നു. അതിനിടെയാണ് ടിപ്പര്‍ ലോറി ചീമേനി ഭാഗത്തുനിന്നും അമിത വേഗതയില്‍ എത്തിയത്. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതോടെ പോലീസ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ചള്ളുവക്കോട് റോഡില്‍ വച്ച് ലോറിക്ക് കുറുകെയിട്ട് പോലീസ് വളഞ്ഞു.

മോഷ്ടാവിനെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങുന്നതിനിടെ ടിപ്പര്‍ ലോറി പിന്നോട്ട് എടുത്ത് പിന്‍ഭാഗം ഉപയോഗിച്ച് പോലീസ് ജീപ്പില്‍ പലതവണ ഇടിക്കുകയായിരുന്നു. ബെല്ലറോ ജീപ്പിന്റെ ഇരു ഭാഗത്തെ വാതിലുകളും ലോറി ഇടിച്ച് തകര്‍ത്തിരുന്നു. വാഹനത്തിനുള്ളവരെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു മോഷ്ടാവിന്റെ പിന്നിലുള്ള ശ്രമം. അതിനിടെ നാട്ടുകാര്‍ തടിച്ചു കൂടിയതോടെ ചീമേനി ഭാഗത്തേക്ക് ഓടിച്ചു പോയി. തുടര്‍ന്നു കണ്ടാലറിയാവുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ ചീമേനി പോലീസ് വധശ്രമ ത്തിനും ഔദ്യോഹിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഉള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി ചീമേനി ഇന്‍സ്‌പെക്ടര്‍ അജിത പറഞ്ഞു. വടകര കൈനാട്ടി സ്വദേശി ഷിജിത്തിന്റെ ഉടമസ്ഥതയിലുള്ള ടിപ്പലോറി ആണ് തിങ്കളാഴ്ച മോഷണം പോയത്. തുടര്‍ന്ന് വടകര ഇന്‍സ്‌പെക്ടര്‍ ചീമേനി പോലീസിന് സന്ദേശം കൈമാറുകയായിരുന്നു. ലോറി തട്ടിക്കൊണ്ടു പോയത് കാസര്‍ഗോട് ജില്ലയിലെ കുപ്രസിദ്ധ വാഹന മോഷ്ടാവിനെയാണ് സംശയിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: