LocalNEWS

യുവജനങ്ങൾക്കായി തൊഴിലവസരങ്ങളുടെ ജാലകം തുറന്ന് മെഗാ തൊഴിൽ മേള

കോട്ടയം: യുവജനങ്ങൾക്കായി തൊഴിലവസരങ്ങളുടെ ജാലകം തുറന്ന് മെഗാ തൊഴിൽ മേള. കൊതവറ സെന്റ് സേവ്യഴ്‌സ് കോളേജിൽ ഉണർവ് 2023′ എന്ന പേരിൽ സംഘടിപ്പിച്ച തൊഴിൽ മേള തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത്, കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ്, തലയോലപ്പറമ്പ് ഐ.സി.എം കമ്പ്യൂട്ടേഴ്‌സ്, വൈക്കം മാനേജ്‌മെന്റ് അസോസിയേഷൻ, കുടുംബശ്രീ മിഷൻ, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് അധ്യക്ഷനായി.

1200 തൊഴിലവസരങ്ങളുമായി 25 തൊഴിൽ ദാതാക്കളാണ് മേളയിൽ പങ്കെടുത്തത്. രണ്ടായിരത്തിലധികം ഉദ്യോഗാർത്ഥികളാണ് പേര് രജിസ്റ്റർ ചെയ്തത്. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കും അനുസരിച്ച് അനുയോജ്യമായ കമ്പനിയുടെ അഭിമുഖത്തിൽ പങ്കെടുക്കാനുള്ള അവസരം മേളയിൽ ഒരുക്കിയിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളാണ് മേളയിൽ വിവിധ കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുത്തത്. സെയിൽസ്, മാർക്കറ്റിങ്, ഫിനാൻസ്, ഡിസൈൻ, ഐ.ടി, ബാങ്കിങ് തുടങ്ങി വിവിധ തൊഴിൽ മേഖലകളിലേക്കാണ് അഭിമുഖം നടന്നത്.

തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എൽ. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം. ശീമോൻ, എസ്. മനോജ് കുമാർ, സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. ജിംസൺ ഡി. പറമ്പിൽ, കോളേജ് മാനേജർ റെജു കണ്ണമ്പുഴ, വൈക്കം മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ പി. വേണു, കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ജി. പ്രീതാ, റീജണൽ മാനേജർ നീതു സത്യൻ, തലയോലപ്പറമ്പ് ഐ.സി.എം കമ്പ്യൂട്ടേഴ്‌സ് ഡയറക്ടർ സോജൻ ജോസ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി രാജേന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു.

Back to top button
error: