തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പൊലീസ് പരിശോധന. ഓഫീസിൽ നിന്ന് കൊളജ് തെരെഞ്ഞെടുപ്പ് രേഖകൾ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച മുതലാണ് പരിശോധന ആരംഭിച്ചത്. ഈ കോളേജിൽ നടത്തിയ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലിന്റെ ( യുയുസി) ആൾമാറാട്ടവുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം പരാതിക്കാരായ സർവ്വകലാശാല റെജിസ്റ്റാറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സർവ്വകലാശാല അധികൃതർ കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചത്, ആൾമാറാട്ടം നടത്തിയ വൈശാഖ് ഈ സ്ഥാപനത്തിൽ പഠിക്കുകയാണോ, ഇതിന്റെ അറ്റന്റൻസ് രേഖകൾ എന്നിവയാണ് പൊലീസ് പരിശോധിച്ചത്. അറ്റന്റൻസ് രേഖകൾ നാളെ ഹാജരാക്കാമെന്ന് കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മറ്റ് രേഖകളെല്ലാം കോളേജ് അധികൃതർ കാട്ടാക്കട പൊലീസിന് കൈമാറി.